ന്യൂഡൽഹി: മ്യാന്മറിലെ ആഭ്യന്തര കലാപത്തെ തുടർന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ റോഹിങ്ക്യൻ അഭയാർത്ഥികളെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കുമോയെന്ന കാര്യത്തിൽ ഇന്ന് കേന്ദ്ര സർക്കാർ നിലപാടറിയിക്കും. ഇവർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസർക്കാർ നേരത്തേ പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നെങ്കിലും ഇത് കേന്ദ്രമന്ത്രി തള്ളിയിരുന്നു.

രാജ്യത്ത് 40000 ത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളുണ്ടെന്നാണ് കണക്ക്. ഇവരിൽ 16000 പേർക്കാണ് ഒദ്യോഗിക അഭയാർത്ഥി രേഖ ലഭിച്ചത്. രേഖകളില്ലാതെ കഴിയുന്ന അഭയാർത്ഥികളെ തീവ്രവാദികൾ ഉപയോഗിച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

കേന്ദ്ര സർക്കാർ അഭയാർത്ഥികളെ തിരിച്ചയക്കുന്നുവെന്ന പ്രതീതി ഉയർന്ന സാഹചര്യത്തിലാണ് രണ്ട് അഭയാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് വരെയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിന് കോടതി സമയം അനുവദിച്ചത്.

അതേസമയം അഭയാർത്ഥികളെ തിരിച്ചയക്കാൻ കേന്ദ്രം ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. യുഎന്നിൽ നിന്നടക്കം കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്ത് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook