കൊൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനുനേരെ ആൾക്കൂട്ട ആക്രമണം. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡി സന്ദർശിക്കുന്നതിനായി പോകുമ്പോഴാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. മുരളീധരന്റെ വാഹനത്തിന് അകമ്പടി സേവിച്ചിരുന്ന പൊലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.
ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും പേഴ്സൺ സ്റ്റാഫിന് പരുക്കേറ്റതായും മുരളീധരൻ ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ മുരളീധരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ ബിജെപി പ്രവർത്തകർക്കുനേരെ വലിയ രീതിയിൽ ആക്രമണങ്ങളുണ്ടായിരുന്നു. വോട്ടെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ഏറ്റവും കുറഞ്ഞ് 14 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്നു വിശദമായ റിപ്പോര്‍ട്ട് തേടിയ ആഭ്യന്തര മന്ത്രാലയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു.
Read More: ബംഗാൾ അക്രമം: ഗവർണറെ വിളിച്ച് പ്രധാനമന്ത്രി; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മമത
ഇന്നലെ, മുന്നാംവട്ടം മുഖ്യമന്ത്രി പദമേറിയ മമത സത്യപ്രതിജ്ഞയ്ക്കുപിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ, മമത സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്നലെ രാജ്യവ്യാപക പ്രതിഷേധത്തിനു ബിജെപി ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളുടെ വസ്തുതകൾ കണ്ടെത്താന്‍ നാലംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ യഥാര്‍ഥ സ്ഥിതി സംഘം വിലയിരുത്തും.