ന്യൂഡൽഹി: ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. അടുത്ത വർഷം മാർച്ച് 31 ന് മുൻപ് പാൻ കാർഡ്, ആധാറുമായി ബന്ധിപ്പിക്കണം എന്നാണ് വിവരം. ഇതടക്കം അഞ്ചാം തവണയാണ് സർക്കാർ ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുളള സമയപരിധി നീട്ടുന്നത്.

ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. 33 കോടി പാൻ കാർഡുകളിൽ 16.65 കോടി പാൻ കാർഡുകൾ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂവെന്നാണ് 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്.

ആധാറുമായി പാൻ കാർഡിനെ ബന്ധിപ്പിച്ചാൽ മാത്രമേ ആദായ നികുതിയടക്കാൻ കഴിയൂ. നേരത്തെ ഇത് സംബന്ധിച്ച ഹർജിയിൽ സമയ പരിധി നീട്ടാൻ ആകില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ എടുത്തത്. എന്നാൽ ഹര്‍ജികൾ തീർപ്പാക്കും വരെ സമയം നൽകാൻ കോടതി ഉത്തരവ് ഇടുകയായിരുന്നു. ആധാർ നിർബന്ധമാക്കാനുളള കേന്ദ്ര തീരുമാനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook