scorecardresearch
Latest News

ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി

നവംബർ 25 മുതലാണ് മാനദണ്ഡങ്ങള്‍ പ്രാബല്യത്തിൽ വരുന്നത്

E commerce, fake review

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയുന്നതിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ‘ഇന്ത്യൻ സ്റ്റാൻഡേർഡ് (ഐഎസ്) 19000:2022’ എന്ന ചട്ടക്കൂട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡാണ് തയാറാക്കിയത്. നവംബർ 25 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ഉപഭോക്തൃ അവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും മാനദണ്ഡങ്ങൾ ബാധകമാകുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് അറിയിച്ചു.

“ഐഎസ് 19000:2022 എന്നത് കൂടിയാലോചിച്ച് ബിഐഎസ് [ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്] രൂപപ്പെടുത്തിയ മാനദണ്ഡമാണ്. പബ്ലിക് കൺസൾട്ടേഷനുകൾ നടന്നിട്ടുണ്ട്. നവംബര്‍ 25 മുതല്‍ ഇത് നിലവില്‍ വരും,” രോഹിത് കുമാര്‍ പറഞ്ഞു.

“ഇ-കൊമേഴ്‌സില്‍ റിവ്യൂകള്‍ നിർണായക പങ്ക് വഹിക്കുന്നു. പ്രധാനമായും ഇത് മൂന്ന് വിഭാഗങ്ങളെയാണ് ബാധിക്കുന്നത്. വിനോദസഞ്ചാരം – യാത്ര, ഭക്ഷണശാലകള്‍, ഉപഭോക്തൃ വസ്തുക്കള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“റിവ്യൂകള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഞങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടും, വ്യാജ റിവ്യൂകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാജ്യങ്ങൾ പാടുപെടുകയാണ്. ഇ-കൊമേഴ്‌സ് കൂടുതൽ കൂടുതൽ ജനപ്രിയവുമാകുന്ന എല്ലാ രാജ്യങ്ങളും. ചിലർ നിയമങ്ങൾ ഉണ്ടാക്കുന്നു. ചിലർ നിയമ വ്യവസ്ഥകൾ ഉണ്ടാക്കുന്നു. എന്നാൽ ഒരു മാനദണ്ഡം ഉണ്ടാക്കുന്ന ആദ്യത്തെ ഇന്ത്യ,” രോഹിത് കുമാര്‍ വ്യക്തമാക്കി.

ഓൺലൈനിൽ റിവ്യൂകള്‍ പ്രസിദ്ധീകരിക്കുന്ന എല്ലാവർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമാകുന്നതായിരിക്കും.

റിവ്യൂകള്‍ നിയമാനുസൃതമായിരിക്കണം, ഉപഭോക്തൃ റിവ്യൂകള്‍ ശേഖരിക്കുകയും മോഡറേറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയ കൃത്യമായിരിക്കണം. ഇത് തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കരുതെന്നും രോഹിത് കുമാര്‍ പറഞ്ഞു. റിവ്യൂകള്‍ എഴുതുന്നവരുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ സൺസ്, ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് റീട്ടെയിൽ, ഗൂഗിൾ, മെറ്റാ (ഫേസ്ബുക്ക്), സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ വ്യാജ അവലോകനങ്ങളുടെ മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിനുള്ള കൺസൾട്ടേഷൻ പ്രക്രിയയുടെ ഭാഗമായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Central government unveils framework to curb fake reviews on e commerce sites

Best of Express