ന്യൂഡൽഹി: രാജ്യത്തെ ക്ഷീരകർഷകരെ വെട്ടിലാക്കി പാൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുളള നീക്കവുമായി കേന്ദ്രസർക്കാർ. അമൂൽ, മിൽമ തുടങ്ങിയ ക്ഷീര കർഷകരുടെ സഹകരണ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പോലും തകിടംമറിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.
നിയന്ത്രണങ്ങളില്ലാതെ പാല് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കുന്ന ആർസിഇപി പദ്ധതിയാണിത്. ക്ഷീര ഉദ്പാദനത്തില്‍ മുന്‍പന്തിയിലുള്ള ന്യൂസീലാന്റ്, ബ്രൂണെ, കമ്പോഡിയ, ഓസ്ട്രേലിയ, ലാവോസ് തുടങ്ങി പതിനാറ് രാജ്യങ്ങള്‍ കരാറിന്റെ ഭാഗമാണ്.
കരാറിൽ ഇന്ത്യ ഒപ്പുവച്ചാൽ ഈ 16 രാജ്യങ്ങള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും തീരുവയില്ലാതെ ഇന്ത്യയിലെത്തിക്കാനാവും. രാജ്യത്തെ പാല് വിപണിയില്‍ വന്‍ വിലയിടിവിന് ഇത് വഴിവെക്കും. കേരളത്തിലെ പത്ത് ലക്ഷത്തോളം ക്ഷീര കര്‍ഷകരടക്കം രാജ്യത്തെമ്പാടുമുളള കോടിക്കണക്കിന് വരുന്ന ക്ഷീരകർഷകരുടെ ജീവിതം വഴിമുട്ടിക്കുന്നതാണ് ഈ കരാർ.
പാൽ വിപണിയിൽ നിലവിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കും സഹകരണ മേഖലയ്ക്കും സ്വാധീനവും നിയന്ത്രണവും ഉണ്ട്. എന്നാൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ പിന്നെ ഈ നിയന്ത്രണങ്ങൾ ഉണ്ടാവില്ല.
കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനമായ മില്‍മക്ക് കീഴിലെ 3172 പ്രാഥമിക സഹകരണ സംഘങ്ങളും തകർന്നുപോകും. ക്ഷീര ഗ്രാമം, ഡയറി സോണുകള്‍ തുടങ്ങിയ പദ്ധതികളും ഫലവത്താകില്ല. അതേസമയം കേന്ദ്രസർക്കാരിൽ വിവിധ വകുപ്പ് സെക്രട്ടറിമാർ പദ്ധതിക്കെതിരെ നിലപാടെടുത്തു. 13 സെക്രട്ടറിമാർ വിയോജനക്കുറിപ്പെഴുതിയെന്നാണ് വിവരം.