ന്യൂഡല്‍ഹി: വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിലനിര്‍ണയത്തില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കും, സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി വില സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് സാധ്യത.
നിലവില്‍ ഒരു ഡോസിന് കമ്പനികള്‍ക്ക് 150 രൂപയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ നയത്തിന് ശേഷം വില നിശ്ചയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ധനകാര്യ മന്ത്രാലയം, ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍, നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോള്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നിവര്‍ വിഷയത്തൊട് പ്രതികരിച്ചിട്ടില്ല.
വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം ഡോസുകളും കേന്ദ്രം വാങ്ങിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ 25 ശതമാനവും ഉള്‍പ്പടെയാണിത്. ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായാണ് വാക്സിന്‍. എന്നാല്‍ ഇതിന് ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 15,000 കോടി രൂപ അധിക ചിലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Also Read: സംസ്ഥാനങ്ങൾ റജിസ്ട്രേഷൻ ഉറപ്പാക്കണം; 44 കോടി വാക്സിൻ ഡോസിന് ഓർഡർ നൽകി കേന്ദ്രം
വാക്സിനേഷന്‍ പക്രിയകള്‍ ജനുവരി മാസത്തിലാണ് രാജ്യത്ത് ആരംഭിച്ചത്. 200 രൂപ ഒരു ഡോസിന് നല്‍കി 1.1 കോടി കോവിഷീല്‍ഡ് വാക്സിന്‍ സംഭരിച്ചു. അതേസമയം, കോവാക്സിന് 206 രൂപയാണ് ഒരു ഡോസിന് നല്‍കിയിരുന്നത്. 55 ലക്ഷം കോവാക്സിനാണ് ഇത്തരത്തില്‍ കേന്ദ്രം വാങ്ങിയത്. പിന്നീടാണ് 150 രൂപ ഒരു ഡോസിന് എന്ന നിലയില്‍ കുറച്ചത്.
ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്ന വാക്സിന്റെ വില നിശ്ചയിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നു. വാക്സിന്‍ സംഭരണം കേന്ദ്രം ഏറ്റെടുക്കാതിരുന്ന സമയത്താണിത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും വാക്സിനുകള്‍ക്ക് നാനൂറും, അറുനൂറും രൂപയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600,1200 രൂപ നിരക്കിലും നല്‍കി.
തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളുമായി വാക്സിനായി മത്സരിക്കേണ്ടി വന്നിരുന്നു. പിന്നീട് വാക്സിന്റെ 25 ശതമാനം സംസ്ഥാനങ്ങള്‍ക്കും, 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും, 50 ശതമാനം കേന്ദ്രത്തിനും എന്ന നിലയിലേക്ക് എത്തി.