ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം നേരത്തെ ലഭിക്കാൻ സാധ്യത. 31 നാണു ശമ്പളം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ജനുവരി അവസാനം ബാങ്ക് പണിമുടക്കായതിനാൽ അതിനു മുൻപു തന്നെ ശമ്പളം ലഭിച്ചേക്കും. ശമ്പളം നേരത്തെ നൽകാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
28 നു തന്നെ പബ്ലിക് മാനേജ്മെന്റ് സിസ്റ്റത്തിൽ ജനുവരിയിലെ ശമ്പള വിവരം അപ്ലോഡ് ചെയ്യാൻ അവരവരുടെ പ്രിൻസിപ്പൽ അക്കൗണ്ട്സ് ഓഫീസർമാർക്ക് സർക്കാർ ഓഫീസുകൾ നിർദേശം നൽകിയിട്ടുണ്ട്.
Read Also: സർദാർപുര കലാപം: 17 പ്രതികൾക്കും ജാമ്യം; സാമൂഹ്യ പ്രവർത്തനം നടത്തണമെന്ന് ഉപാധി
ജനുവരി 31 മുതൽ ഫെബ്രുവരി ഒന്നു വരെയാണ് ബാങ്ക് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ രണ്ടു ദിവസവും ബാങ്കുകൾ അടച്ചിടാൻ സാധ്യതയുണ്ട്. അതിനാൽ പണമിടപാടുകൾ നടക്കില്ല. ഇത് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വൈകാൻ ഇടയാക്കും. അതിനാൽ ജനുവരി 28 ന് തന്നെ ശമ്പള വിവരം അടങ്ങിയ ഫയലുകൾ ബാങ്കുകളിൽ എത്തിക്കാനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.