ചെന്നൈ: തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും അൻപതു ശതമാനം പ്രവേശന നിയന്ത്രണം ഒഴിവാക്കി. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി 50 ശതമാനം പ്രേക്ഷകർക്ക് മാത്രമാണ് തിയറ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ളു. ഇത് ചൂണ്ടികാട്ടിയാണ് കേന്ദ്രം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അമ്പതു ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബര്‍ മാസം മുതലാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രമുഖ താരങ്ങളടക്കം മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര മാനദണ്ഡം മറികടന്ന് സംസ്ഥാനം ഇത്തരത്തിലൊരു നീക്കം നടത്തിയത്.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്യുടെ ‘മാസ്റ്റർ’ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു സർക്കാർ ഉത്തരവ്.