തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ പൂർണ സംതൃ‌പ്‌തി രേഖപ്പെടുത്തിയെന്ന് പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ ക്യാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചെന്നും പിണറായി പറഞ്ഞു.

Click Here:മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, തത്സമയം

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. കൊല്ലം സ്വദേശിനിയാണ് ഇവർ. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം പേരും വയനാട് ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 457 ആയി. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 116 ആണ്. സംസ്ഥാനത്ത് 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook