ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തെക്കുറിച്ച് സ്വഭാവദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നുവെന്നും കേന്ദ്ര കൃഷ്മന്ത്രി നരേന്ദ്രസിങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്റണി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജു നാരായണ സ്വാമിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന ഫയല്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. സര്‍ക്കാര്‍ രാജു നാരായണസ്വാമിയെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Also: രാജു നാരായണസ്വാമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല; റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരികെ അയച്ചു
എന്നാൽ, അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടന്‍ നടപടിയെടുക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തിരികെ അയക്കുകയായിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തന്നെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രാജു നാരായണ സ്വാമി പറഞ്ഞിരുന്നു. പിരിച്ചുവിടാനുള്ള നീക്കം തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നും രാജു നാരായണ സ്വാമി പറഞ്ഞു.
നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് രാജു നാരായണ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. അഴിമതി കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും രാജു നാരായണ സ്വാമി പറഞ്ഞു. പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയിലുള്ള രാജു നാരായണ സ്വാമിക്ക് പത്ത് വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.