കൊച്ചി: കേരളത്തിലും മാവോയിസ്റ്റുകള്‍ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ പ്രചാരണങ്ങളും അറസ്റ്റുകളും തന്നെയാണ് ഇതിന് ഏറ്റവും അധികം അടയാളങ്ങള്‍ നല്‍കുന്നതും. ചുവന്ന ഇടനാഴിയെന്ന സാങ്കല്‍പ്പിക മാവോയിസ്റ്റ് സ്വാധീനമേഖലയില്‍ കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പശ്ചിമഘട്ട മലനിരകളും അവിടുത്തെ കാടുകളും കേന്ദ്ര-സംസ്ഥാന അന്വേഷണസംഘങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുള്ള ഇടങ്ങളാണ്. ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളും മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. ഈ ഏഴ് സംസ്ഥാനങ്ങളിലുമായി 106 പ്രദേശങ്ങളിലാണ് ശക്തമായ മാവോയിസ്റ്റ് സ്വാധീനമുള്ളത്. ഇതില്‍ 35 എണ്ണം തീവ്ര സ്വാധീനം ഉള്ള ഇടങ്ങളുമാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മാവോയിസ്റ്റുകള്‍ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ട പേരുകളാണ് കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസ്സം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കും സായുധ വിപ്ലവകാരികള്‍ കടന്നുകയറിയതായി പറയുന്നു.
പശ്ചിമഘട്ട മലനിരകളില്‍ കേരളവും കര്‍ണാടകവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണു മാവോയിസ്റ്റുകളുടെ ഇടത്താവളം. ഇവിടങ്ങളിലെ കാടുകളില്‍ നിരവധി കലാപകാരികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ തേടുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി കേന്ദ്ര സുരക്ഷ സംവിധാനങ്ങളായ സിഎപിഎഫ്, കമാന്‍ഡോ ബറ്റാലിയന്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവരെ വിന്യസിക്കുന്നതിനൊപ്പം സംസ്ഥാന സേനകളെ ആധുനികവല്‍ക്കരിക്കാനും നിലവാരമുയര്‍ത്താനും ശ്രമങ്ങളുണ്ട്. സുരക്ഷയ്ക്കായി ചെലവാകുന്ന പണം എത്രയായാലും അത് കേന്ദ്രം നല്‍കും. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ സേനകളെ പരിശീലിപ്പിക്കുക, ഹെലികോപ്റ്ററുകള്‍ അടക്കം യുദ്ധോപകരണങ്ങള്‍ നല്‍കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക തുടങ്ങിയ ശ്രമങ്ങളുമുണ്ട്.
വലിയ തോതില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള ഇടങ്ങളിലേക്ക് 1,000 കോടിയാണ് 2015 മുതലുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി കേന്ദ്രം മാറ്റിവച്ചത്. ഒന്‍പത് മാവോയിസ്റ്റ് സ്വാധീന സംസ്ഥാനങ്ങളിലെ 44 ജില്ലകളിലേക്ക് 5412 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനും 126 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും 11,725 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പോസ്റ്റ് ഓഫിസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മൊബൈല്‍ ടവറുകള്‍ തുടങ്ങി അനവധി ഇതര സൗകര്യങ്ങള്‍ മാവോയിസ്റ്റ് സ്വാധീന സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ 2015 മുതല്‍ ഇതുവരെ 932 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 175 ടവറുകള്‍ കൂടി ഇനിയും സ്ഥാപിക്കും.
80:20 എന്ന അനുപാതത്തില്‍ കേന്ദ്രം തന്നെ മുന്‍കൈയ്യെടുത്ത് 400 ലധികം പൊലീസ് സ്റ്റേഷനുകള്‍ നവീകരിക്കും. ഒരു സ്റ്റേഷനു രണ്ടു കോടി രൂപയാണ് കേന്ദ്രം നല്‍കുക. 2015 വരെ 10 സംസ്ഥാനങ്ങളിലായി 282 പൊലീസ് സ്റ്റേഷനുകള്‍ നവീകരിക്കാന്‍ 623.88 കോടിയാണ് കേന്ദ്രം ചെലവഴിച്ചത്. ശേഷിച്ച 118 സ്റ്റേഷനുകളുടെ പണി നടന്നുവരുന്നുണ്ട്. 2015 ന് ശേഷം 250 പൊലീസ് സ്റ്റേഷനുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനിക്കുകയും ഇതിന് 2.5 കോടി രൂപ ഒരു പൊലീസ് സ്റ്റേഷന് എന്ന കണക്കില്‍ നീക്കിവയ്ക്കുകയും ചെയ്തു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊലീസ് സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്രത്തിന്റെ സഹായം ലഭിക്കും.