കൊല്‍ക്കത്ത: ‘പശു’, ‘ഗുജറാത്ത്’, ‘ഹിന്ദു ഇന്ത്യ’, ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഇന്ത്യാ വീക്ഷണം’ എന്നീ വാക്കുകള്‍ മിണ്ടരുത്. സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനുമായ അമര്‍ത്യാ സെനിനെകുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ സുമന്‍ ഘോഷ് സംവിധാനം ചെയ്ത ‘ദി ആര്‍ഗ്യുമെന്റെറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്റ്റിയെയാണ് സെന്‍സര്‍ ബോര്‍ഡ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

ബുധനാഴ്ച കൊൽക്കത്തയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിൽ നടന്ന പ്രദര്‍ശനത്തിനു ശേഷം ‘ഈ വാക്കുകള്‍ ഒഴിവാക്കുകയാണ് എങ്കില്‍ ‘യുഎ’ (UA) സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.

Read More : നോട്ടു നിരോധനം സിനിമയായി, റിലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

“അമര്‍ത്യാ സെന്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററിയോട് സെന്‍സര്‍ ബോര്‍ഡ് എടുത്തിരിക്കുന്ന നിലപാട് ഡോക്യുമെന്ററി ഉയര്‍ത്തുന്ന വിഷയത്തെ തന്നെ അടിവരയിടുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഇത്തരം സൂക്ഷ്മപരിശോധനയിലൂടെ കടന്നു പോവേണ്ടി വരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ചിന്തകരിലൊരാൾ പറഞ്ഞ വാക്കുകളെ മുറിച്ചുമാറ്റുവാനോ നിശബ്ദമാക്കുവാനോ ബീപ് ശബ്ദം നല്‍കുവാനോ ഞാന്‍ ഒരിക്കലും തയ്യാറാവില്ല. ” ഡോക്യുമെന്ററി സംവിധായകന്‍ സുമന്‍ ഘോഷ് ടെലഗ്രാഫ് പത്രത്തിനോട് പറഞ്ഞു.

ഡോക്യുമെന്ററിയില്‍ അമര്‍ത്യാ സെന്നിന്‍റെ പല കാലങ്ങളിലായി നടത്തിയ പ്രഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പ്രഭാഷണങ്ങളില്‍ ഗുജറാത്ത്, ഹിന്ദുത്വ രാഷ്ട്രീയം, പശു സംരക്ഷണം തുടങ്ങി പല കാലിക വിഷയങ്ങളിലും അമര്‍ത്യാ സെന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുണ്ട്. ഈ അഭിപ്രായ പ്രകടനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് എതിരായതാണ് സെന്‍സര്‍ ബോര്‍ഡിനെ ഡോക്യുമെന്ററിയുടെ കടക്കല്‍ കത്തി വയ്ക്കാൻ പ്രേരിപ്പിച്ചത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നോബല്‍ ജേതാവായ അമര്‍ത്യാ സെന്നിന്‍റെ വാക്കുകളെ സെന്‍സര്‍ ചെയ്യുവാനുള്ള ബോര്‍ഡിന്‍റെ നീക്കം തീര്‍ച്ചയായും വിവാദങ്ങള്‍ക്ക് വഴിവെക്കും. അടുത്ത നടപടിയെന്താണ് എന്ന് ഡോക്യുമെന്ററി സംവിധായകന്‍ സുമന്‍ ഘോഷ് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണു ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

Read More : ലിപ്സ്റ്റിക് ഏന്തുന്ന ‘നടുവിരല്‍ നമസ്കാരം’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ