ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കി. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖലിസ്ഥാന്‍ പ്രതിഷേധത്തിനും അതിക്രമത്തിനും പിന്നാലെയാണ് ഈ നടപടി.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ പ്രത്യക്ഷമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ദൃശ്യമല്ല. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രിട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ബാല്‍ക്കണിയില്‍ വലിഞ്ഞുകയറിയ ഖലിസ്ഥാന്‍ പ്രതിഷേധക്കാര്‍ ദേശീയ പതാക താഴെയിറക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
സംഭവത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഹൈക്കമ്മിഷന്‍ വളപ്പില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന ബ്രിട്ടീഷ് സുരക്ഷയുടെ അഭാവത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ യുകെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനും ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്കും പുറത്തുള്ള 12 ഓളം ബാരിക്കേഡുകള്‍ നീക്കം ചെയ്തതായി ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബാരിക്കേഡുകള്‍ നീക്കംചെയ്തിട്ടുണ്ടെങ്കിലും ഇവിടെ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.