ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ ശശികലയ്ക്കെതിരായ സുപ്രീം കോടതി വിധിയിൽ ആഹ്ലാദിച്ച് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ ക്യാന്പ്. പനീര്‍ശെല്‍വം അനുകൂലികള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ പടക്കം പൊട്ടിച്ചും നൃത്തം ചവുട്ടിയും ആഘോഷിച്ചു. മധുരപലഹാരങ്ങളും പിന്തുണക്കാര് വിതരണം ചെയ്തു.
ശശികല കുറ്റക്കാരി, തമിഴ്നാട് രക്ഷപ്പെട്ടു- എന്നാണ് ക്യാന്പിന്റെ ആദ്യ ട്വീറ്റ്. ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിന്റെ വീട്ടിലും പിന്തുണക്കാരെത്തി സന്തോഷം പങ്കുവെച്ചു. ഇതിനിടെ എംഎല്‍എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിന് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. എംഎല്‍എമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ മുഖ്യമന്ത്രി പദവിയിലെത്താനുള്ള ശശികലയുടെ മോഹവും തകർന്നിരിക്കുകയാണ്. ശശികലയ്ക്ക് ഇനി 10 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. മാത്രമല്ല, നാലാഴ്ചയ്ക്കകം ബെംഗളൂരു കോടതി മുൻപാകെ കീഴടങ്ങുകയും വേണം. വിധി തിരിച്ചടിയായതോടെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരിക്കാനായിരിക്കും ശശികല ഇനി ശ്രമിക്കുമെന്നാണ് സൂചന. എന്നാൽ ഇതിനെ എത്ര എംഎൽഎമാർ പിന്തുണയ്ക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കൂവത്തൂരിൽ എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിലാണ് ശശികല ഇപ്പോഴുള്ളത്.