കോളേജുകളില്‍ ആഘോഷിക്കപ്പെടുന്ന റോസ് ദിനം പോലെയുള്ള കാര്യങ്ങള്‍ക്ക് താന്‍ എതിരല്ല എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അതിനൊപ്പം തന്നെ രാജ്യത്തെ വിവിധ സംസ്കാരങ്ങളെ ആഘോഷിക്കാനുള്ള ദിനങ്ങളും ആവാം. ഉദാഹരണത്തിന് ഹരിയാനയില്‍ തമിഴ് ദിനം ആചരിക്കാം. അങ്ങനെ മറ്റൊരു സംസ്ഥാനത്തിന്‍റെ സംസ്കാരത്തെ അടുത്തറിയുകയും ആഘോഷിക്കുകയും ചെയ്യാം.

ന്യൂഡല്‍ഹിയില്‍ സ്വാമി വിവേകാനന്ദന്‍റെ ഷിക്കാഗോ പ്രസംഗത്തിന്‍റെ 125 വര്‍ഷവും പണ്ഡിറ്റ്‌ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷവും മുന്‍ നിര്‍ത്തി നടത്തിയ വിദ്യാര്‍ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോളേജുകളില്‍ പല ദിനങ്ങള്‍ ആഘോഷമാക്കാറില്ലേ… റോസ് ദിനവും മറ്റും. ചിലര്‍ അതിനു എതിരാണ് എന്നാല്‍ ചിലര്‍ അതില്‍ പങ്കെടുക്കും. ഞാന്‍ എതിരല്ല.’, എന്ന് മോദി കളി പറഞ്ഞപ്പോള്‍ അത് കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

സര്‍ഗാത്മകതയുടെ പ്രാധാന്യം ഊന്നി പറഞ്ഞു കൊണ്ട് മോദി വിശദീകരിച്ചതിങ്ങനെ.

‘യന്ത്ര മനുഷ്യരെ ഉണ്ടാക്കലല്ല നമ്മുടെ ലക്ഷ്യം, നമുക്ക് വേണ്ടത് സര്‍ഗാത്മകതയാണ്. അത് വളര്‍ത്താന്‍ ഒരു സര്‍വ്വകലാശാല പോലെ അനുയോജ്യമായ മറ്റൊരിടമില്ല.’

കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കാനും പ്രധാന മന്തി മറന്നില്ല.

‘ഹരിയാനയിലെ ഒരു കോളജില്‍ തമിഴ് ദിനം ആചരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പഞ്ചാബിലെ കോളേജുകള്‍ കേരള ദിനം ആഘോഷിക്കുന്നതോ? അവരുടെ പാട്ടുകള്‍ പാടാം, അവരെ പോലെ വേഷം ധരിക്കാം.’

ഏക്‌ ഭാരത്‌, ശ്രേഷ്ഠ ഭാരത്‌ എന്ന ആശയത്തിലേക്ക് അടുക്കാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കും എന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ