ന്യൂഡൽഹി: ഇന്ത്യന്‍ സൈന്യം നടത്തിയ അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന് ശേഷം പാക് വെടിവയ്പ് കുറഞ്ഞതായി കേന്ദ്ര സർക്കാർ. സർജിക്കൽ സ്ട്രൈക്കിനു ശേഷം അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനം കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഹൻസ്രാജ് ഗംഗാറാം.

പാകിസ്ഥാൻ നടത്തുന്ന വെടിവെപ്പിൽ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം വെടിവയ്പ്പിൽ 21 പേർ കൊല്ലപ്പെടുകയും 157 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ 2017ൽ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ ശക്തി പാകിസ്ഥാന്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നിയന്ത്രണ രേഖയിൽ 228 തവണയും അന്താരാഷ്ട്ര അതിർത്തിയിൽ 221 തവണയും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. എന്നാൽ 2017 ഫെബ്രുവരി വരെയുള്ള കണക്ക്പ്രകാരം നിയന്ത്രണ രേഖയിൽ 22 തവണയും അന്താരാഷ്ട്ര അതിർത്തിയിൽ ആറ് തവണയും മാത്രമേ വെടിവയ്പ്പ് നടത്തിയിട്ടുള്ളുവെന്നും ഗംഗാറാം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ