ജമ്മു: അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്‌പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. മണിപ്പൂർ സ്വദേശിയായ വികാസ് ഗുരാങ് (21) ആണ് മരിച്ചത്. രജൗരി ജില്ലയിലെ നൗഷേര സെക്‌ടറിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു.

ഈദുൽ ഫിത്തർ ദിനത്തിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് തികച്ചും അംഗീകരിക്കാനാവാത്തതാണെന്ന് ആർമി ഓഫിസർ പറഞ്ഞു. പാക് സൈന്യത്തിന് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

സാംബ ജില്ലയിലെ റാംഗഡ് സെക്‌ടറിലെ രാജ്യാന്തര അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവയ്‌പിൽ നാലു ബിഎസ്എഫുകാർ കൊല്ലപ്പെട്ട് നാലുദിവസം പിന്നിടുമ്പോഴാണ് പ്രകോപനമില്ലാതെ വീണ്ടും വെടിവയ്‌പുണ്ടായത്. പുണ്യമാസമായ റമദാനിൽ വെടിവ്യ‌പ് പാടില്ലെന്ന് മെയ് 16 ന് കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാർ നടപടിയെ ജമ്മു കശ്‌മീർ സർക്കാരും സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പുണ്യമാസത്തിലും പ്രകോപനമില്ലാതെ പലതവണയാണ് വെടിവയ്‌പ് ഉണ്ടായത്.

അതിനിടെ, ഈദുൽ ഫിത്തർ പ്രമാണിച്ച് വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് മധുരം കൈമാറുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെയാണ് മധുരം കൈമാറേണ്ടെന്ന് തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ