കുനൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടന്ന പ്രദേശത്തിന് സമീപമുള്ള റെയില്‍ പാളത്തിലൂടെ നടന്നു പോയ ഒരു സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ അസാധാരണമായ തരത്തില്‍ ശബ്ദം കേള്‍ക്കാം. മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്ടര്‍ മറയുന്നതും അല്‍പസമയത്തിന് ശേഷം ശബ്ദമില്ലാതാകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഹെലികോപ്റ്റര്‍ തകര്‍ന്നോയെന്ന് ആളുകള്‍ ചോദിക്കുന്നതായും കേള്‍ക്കാം.
അതേസമയം, അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
11.48 ന് ഹെലികോപ്റ്റർ സൂലൂരിൽനിന്ന് പുറപ്പെട്ടു. 12.15 ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08 ന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു.
Also Read: കോപ്റ്റർ അപകടം സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് രാജ്നാഥ് സിങ്