കുനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംഭവത്തിന്റെ ദൃക്സാക്ഷി സഹായരാജ്.
“ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നില്ല. മരത്തിന്റെ ചില്ലയില്‍ തട്ടിയതിന് ശേഷമാണ് തീപിടിച്ചത്. അപകടം നടന്നതിന് ഒരു മണിക്കൂര്‍ ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി,” സഹായരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, തകര്‍ന്ന ഹെലികോപ്റ്റര്‍ വ്യോമസേനാ മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം പരിശോധിക്കുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടത്തിയതായാണ് വിവരം. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഊട്ടി കൂനൂരിനു സമീപത്ത് വച്ചാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരുക്കുകള്‍ പറ്റിയ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20 നാണു തകർന്നുവീണത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്നു വീണത് ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു.
Also Read: ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം; ഭൗതികശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും