ന്യൂഡല്‍ഹി: സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനമറിയിച്ചത്. ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
“തമിഴ്‌നാട്ടില്‍ വച്ച് ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സായുധ സേനാംഗങ്ങളുടേയും ജീവന്‍ നഷ്ടമായതില്‍ എനിക്ക് അതിയായ വേദനയുണ്ട്. അവർ വളരെ ഊര്‍ജത്തോടെ രാജ്യത്തെ സേവിച്ചവരാണ്. ദുഖത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം പങ്കുചേരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
“ജനറൽ ബിപിൻ റാവത്ത് ഒരു നല്ല സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായിരുന്നു. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവീധാനങ്ങളേയും നവീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. തന്ത്രപരമായ തീരൂമാനങ്ങളെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു,” മോദി കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി എന്ന നിലയിൽ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ജനറൽ റാവത്ത് പ്രവർത്തിച്ചു. സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും വിയോഗത്തിൽ ഞെട്ടലും വേദനയുമുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. “രാഷ്ട്രത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നാല് പതിറ്റാണ്ടുകളായുള്ള നിസ്വാർത്ഥമായ സേവനം അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ ശ്രീമതി മധുലിക റാവത്തിന്റെയും സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ദാരുണമായ മരണത്തിൽ അഗാധമായ ദുഖമുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
“ശ്രദ്ധേയമായ നേതൃത്വത്തിനും തന്ത്രപരമായ കാഴ്ചപ്പാടിനും പേരുകേട്ട ജനറൽ റാവത്ത് നമ്മുടെ പ്രതിരോധ ശേഷിക്ക് വലിയ ശക്തി നൽകുകയും നമ്മുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ സേവനം എക്കാലവും ഓർമ്മിക്കപ്പെടും,” ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ഊട്ടി കൂനൂരിനു സമീപം വ്യോമസേനാ ഹെലികോപ്റ്റർ തകർന്നായിരുന്നു ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. വ്യോമസേന ട്വിറ്ററിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാലമത്തെ ആളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരുക്കുകളോടെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.
Also Read: ഹെലികോപ്റ്റർ അപകടം: ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരണം