ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ ദുരന്തം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. അന്തിമ റിപ്പോര്‍ട്ട് ഈ മാസ വ്യോമസേനാ മേധാവിക്ക് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അന്വേഷണ കണ്ടെത്തല്‍ സംബന്ധിച്ച് വ്യോമസേനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിനു കാരണം മാനുഷികമോ സാങ്കേതികമോ ആയ പിഴവല്ലെന്നും പൈലറ്റ് അബദ്ധത്തില്‍ ഒരു പ്രതലത്തില്‍ ഇടിക്കുന്നതുമൂലമുള്ള കണ്‍ട്രോള്‍ഡ് ഫ്‌ളൈറ്റ് ഇന്‍ ടെറൈന്‍ (സിഐഎഫ്ടി) ആകാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.
ഹെലികോപ്റ്റര്‍ പറക്കാന്‍ യോഗ്യമായിരുന്നെന്നും പൈലറ്റിനു പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണു സിഐഎഫ്ടി അര്‍ഥമാക്കുന്നതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അപകടമുണ്ടായ കൂനൂര്‍ മേഖലയിലെ മോശം കാലാവസ്ഥ കാരണം ദൂരക്കാഴ്ച കുറഞ്ഞതും ഒരു കാരണമായേക്കാമെന്ന് അവര്‍ പറഞ്ഞു. ആഗോളതലത്തില്‍ വിമാനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സിഐഎഫ്‌ടി.
Also Read: നടുക്കം മാറാതെ രാജ്യം; ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 മരണം
അപകടത്തിന്റെ വിശദാംശങ്ങളിലേക്ക് അന്തിമ റിപ്പോര്‍ട്ട് വെളിച്ചം വീശുമെന്ന് വ്യോമസേനാ അധികൃതര്‍ പറഞ്ഞു.
സായുധസേനയിലെ മുന്‍നിര ഹെലികോപ്റ്റര്‍ പൈലറ്റായ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ്, അന്വേഷണത്തില്‍ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കണ്ടെത്തലുകള്‍ നിയമപരമായ പരിശോധനയ്ക്കു വിധേയമാക്കും.
അപകടത്തിനു തൊട്ടുപിന്നാലെ ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തിരുന്നു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍), കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ (സിവിആര്‍) എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.
Also Read: കുനൂർ ഹെലികോപ്റ്റർ ദുരന്തം: ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു
ഊട്ടിക്കു സമീപം കൂനൂരില്‍ ഡിസംബര്‍ എട്ടിനാണു മോശം കാലാവസ്ഥമൂലം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിത റാവത്തും 12 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്, ഹെലികോപ്റ്റര്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വിസിങ് ചൗഹാന്‍, സഹ പൈലറ്റ് കുല്‍ദീപ് സിങ്, ജൂനിയര്‍ വാറന്റ് ഓഫിസര്‍ റാണപ്രതാപ് ദാസ്, ജൂനിയര്‍ വാറന്റ് ഓഫിസിര്‍ മലയാളിയായ എ പ്രദീപ്, ലാന്‍സ് നായ്ക് വിവേക് കുമാര്‍, ലാന്‍സ് നായ്ക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ റായ്, നായക് എന്‍ കെ ജിതേന്ദ്ര കുമാര്‍, നായക് എന്‍ കെ ഗുര്‍സേവക് സിങ് എന്നിവരാണു ദുരന്തത്തില്‍ മരിച്ച മറ്റ് ഉദ്യോഗസ്ഥർ.
കോയമ്പത്തൂരിനടുത്തുള്ള സുലൂര്‍ വ്യോസേനാ താവളത്തിൽനിന്നു വെല്ലിങ്ടണ്ണിലെ ഡിഫൻസ് സർവിസ് സ്റ്റാഫ് കോളജിലേക്കു പുറപ്പെട്ട വ്യോമസേനയുടെ മി-17 വി-5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. ലാന്‍ഡിങ് പാഡിനു 10 കിലോമീറ്റർ മുൻപായിരുന്നു അപകടം.
രാവിലെ 11.48ന് വ്യോമതാവളത്തില്‍നിന്നു പുറപ്പെട്ട ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.15ന് വെല്ലിങ്ടണ്ണില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചത്. 12.08 ഓടെയാണ് വ്യോമതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനു ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കൂനൂരിനടുത്തുള്ള വനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതു കണ്ട സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമിറങ്ങിയത്.