ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സന്ത് നഗറില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചത് അന്ധവിശ്വാസത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്ന പൊലീസ് നിഗമനം ശരിവയ്‌ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച രാത്രി 10 മണിക്ക് സവിത ഭാട്ടിയ, മകള്‍ നീതു എന്നിവര്‍ വീട്ടിലേക്ക് നാല് പ്ലാസ്റ്റിക് സ്റ്റൂളുകളുമായി വരുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍ കയറിയാണ് ആത്മഹത്യ നടത്തിയത്.

രാത്രി 10.35ഓടെ ലളിത് ഭാട്ടിയയുടെ മകന്‍ ശുഭാം ഡെലിവറി ബോയിയുടെ കൈയ്യില്‍ നിന്നും ഭക്ഷണം വാങ്ങുന്ന ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം രാത്രി 10.39ഓടെ കെട്ടിടത്തിന് താഴെ ഉള്ള കടയില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ വാങ്ങി അദ്ദേഹം വീട്ടിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭക്ഷണം കഴിച്ച് രാത്രി 12.45ഓടെ ആഭിചാര ക്രിയകള്‍ ചെയ്‌ത ശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്‌തതെന്നാണ് സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാവുന്നത്.

സ്റ്റൂളുകള്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി. രണ്ട് സ്ത്രീകള്‍ വന്ന് നാല് സ്റ്റൂളുകള്‍ വാങ്ങിയതായി കടയുടമ സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വീട്ടിലേക്ക് പുറത്തു നിന്നാരും വന്നിട്ടില്ല. ഞായറാഴ്‌ച രാവിലെ 7.14ഓടെ ഗുര്‍ചരണ്‍ സിങ് എന്ന അയല്‍വാസി ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലേക്ക് പോവുകയും 35 സെക്കന്റിനകം പുറത്തേക്ക് വേഗത്തില്‍ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വീട്ടിനകത്തെ ചെറിയ പൂജാമുറിയില്‍ നിന്നും പൂജയ്‌ക്കുളള സാധനങ്ങളും കുറിപ്പുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി.

11 ഡയറികളും കണ്ടെത്തി.. ‘മോക്ഷപ്രാപ്‌തിക്കുള്ള ഘട്ടങ്ങള്‍’ വിശദമാക്കുന്ന ഡയറിക്കുറിപ്പും ഇതിലുണ്ടായിരുന്നു. ജൂണ്‍ 30-നുള്ള അവസാന കുറിപ്പില്‍ “ഭഗവാനിലേക്കുള്ള വഴി” എന്ന തലക്കെട്ടോടെയാണ്‌ നിര്‍ദേശങ്ങള്‍. പത്തു മണിക്കു ഭക്ഷണത്തിന്‌ ഓര്‍ഡര്‍ കൊടുക്കണമെന്നും അവസാന ക്രിയ ഒരു മണിക്കു ചെയ്യുമെന്നുമാണ്‌ ഡയറിയില്‍. ഡയറിയില്‍ പറഞ്ഞ സമയക്രമം പാലിക്കപ്പെട്ടെന്നു സിസിടിവി ദൃശ്യങ്ങള്‍ വെളിവാക്കുന്നു.

മരണത്തില്‍ ഏതെങ്കിലും ആള്‍ദെവത്തിനോ മന്ത്രവാദികള്‍ക്കോ ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിലാണ് പൊലീസ്. കുടുംബാംഗങ്ങളുമായി ബന്ധമുണ്ടായിരുന്ന ഒരു മന്ത്രവാദിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് മുന്‍പ് സംശയിച്ചിരുന്നെങ്കിലും വാദം സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായില്ല.

ബുരാരിയിലെ വീട്ടില്‍ ഞായറാഴ്‌ച രാവിലെയാണ് ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടത്. പത്തുപേര്‍ തൂങ്ങിമരിച്ച നിലയിലും മുതിര്‍ന്ന അംഗം നാരായണദേവി (77)യുടെ മൃതദേഹം നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു. നാരായണദേവിയുടെ മകന്‍ ലളിത് ഭാട്ടിയയുടെ നേതൃത്വത്തിലാണ് വീട്ടിനുള്ളില്‍ ആഭിചാരങ്ങളും പ്രത്യേക ആചാരങ്ങളുമെല്ലാം നടത്തിയിരുന്നതെന്ന് പൊലീസ് കരുതുന്നു.

പത്തുവര്‍ഷം മുമ്പ് മരിച്ച അച്‌ഛന്റെ ആത്മാവുമായി താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി ലളിത് ഭാട്ടിയ (45) അവകാശപ്പെട്ടിരുന്നു. അച്‌ഛന്റെ ആത്മാവ് പറയുന്ന കാര്യങ്ങളെന്ന നിലയില്‍ 2008 മുതല്‍ ഭാട്ടിയ എഴുതിയ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ പൊലീസിന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചിരുന്നു. ഇതുപ്രകാരമുള്ള കര്‍മങ്ങളാണ് വീട്ടുകാര്‍ അനുഷ്‌ഠിച്ചിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാട്ടിയയുടെ സംസാര ശേഷി നഷ്‌ടപ്പെട്ടിരുന്നെന്നും പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ മുതലാകാം ഇയാള്‍ ഇത്തരം ക്രിയകള്‍ക്ക് അടിമപ്പെട്ടുപോയത് എന്നാണ് നിഗമനം.

കുടുംബാംഗങ്ങളെ പ്രതിനിധാനം ചെയ്യാനെന്നോണം വീടിന്റെ ഭിത്തിയില്‍ 11 പൈപ്പ് പിടിപ്പിച്ചത് കണ്ടെത്തിയിരുന്നു. ഇത് സംഭവം നടക്കുന്നതിന് മൂന്നുനാലുമാസം മുമ്പാണ് ചെയ്‌തതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പ്ലൈവുഡില്‍നിന്നുള്ള രാസവസ്‌തുക്കള്‍ പുറത്തുപോകാനും വായുസഞ്ചാരത്തിനുമാണ് അവയെന്നാണ് പറഞ്ഞിരുന്നത്. ഇവര്‍ക്ക് പ്ലൈവുഡിന്റെ വ്യാപാരമുണ്ടായിരുന്നു. വീട്ടിലെ ജനലുകള്‍, ചില ഗ്രില്ലുകള്‍ എന്നിവയുടെയെല്ലാം എണ്ണം 11 ആണെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ