ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറുമുഖസാമി കമ്മിഷനെ അറിയിച്ചു. നേരത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ കമ്മീഷൻ അവശ്യപ്പെട്ടിരുന്നു.
മുപ്പത് ദിവസങ്ങൾ മാത്രമേ ദൃശ്യങ്ങൾ സൂക്ഷിക്കാറുള്ളൂ എന്നും പഴയദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള സംവിധാനമില്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 2016 സെപ്റ്റംബർ 22 മുതൽ മരിച്ച ഡിസംബർ നാലുവരെയുള്ള 75 ദിവസങ്ങളിലെ ദൃശ്യങ്ങളാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.
രോഗികളുടെ സ്വകാര്യതയ്ക്കാണ് മുൻഗണനയെന്നും കോടതി ഉത്തരവോ പൊലീസ് നിർദേശമോ മുൻകൂട്ടി ലഭിച്ചാൽ മാത്രമേ സിസിടിവി ദൃശ്യങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കാറുള്ളൂ എന്നുമാണ് അപ്പോളോ അധികൃതർ പറയുന്നത്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തിട്ട് രണ്ടുവർഷം കഴിഞ്ഞതിനാൽ അവ വീണ്ടെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം സിസിടിവി ഇടയ്ക്കിടെ ഓഫ് ചെയ്തിരുന്നതായാണ് കഴിഞ്ഞ ഏഴിന് ഓപ്പറേറ്റിങ് ഓഫിസർ സുബ്ബയ്യ കമ്മിഷനു നൽകിയ മൊഴി. ജയലളിതയുടെ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ചു തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥനു കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2017 സെപ്റ്റംബർ 25നാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.അറുമുഖസ്വാമിയാണ് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഒ.പനീർസെൽവം അന്വേഷണം അവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.