ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചികിത്സയിലായിരുന്നപ്പോൾ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തത് പൊലീസിന്റെ നിർദ്ദേശം അനുരിച്ചാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ. രാജ്യാന്തര നിലവാരത്തിൽ പ്രവർത്തിക്കുന്നതിനാൽ ഐസിയു, സിസിയു തുടങ്ങിയവയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നില്ലെന്നും ആശുപത്രി ലീഗൽ മാനേജർ എസ്.എം.മോഹൻ കുമാർ ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സുരക്ഷ കാരണങ്ങൾ മുൻനിർത്തി ആശുപത്രി ഇടനാഴികളിലും പ്രവേശന കവാടങ്ങളിലുമാണു സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. സിസിടിവി ക്യാമറകൾ‍, ആശുപത്രി പുറത്തുവിടുന്ന പ്രസ്സ് റിലീസുകൾ തുടങ്ങിയവയെക്കുറിച്ച് ജയലളിതയുടെ മരണം അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മിഷന്റെ ചോദ്യങ്ങൾക്കു മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

“ആശുപത്രിക്കുള്ളിൽ നടത്തിയ സ്കാനിങ് അടക്കമുള്ള വിവിധ പരിശോധനകൾക്ക് ജയലളിതയെ മുറിയിൽനിന്ന് പുറത്തേക്കു കൊണ്ടുവരുമ്പോൾ ആ ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദ്ദേശപ്രകാരം ഓഫ് ചെയ്ത് വച്ചിരുന്നു.” ആശുപത്രിക്ക് വേണ്ടി ഹാജരായ മൈമുന ബാദ്ഷ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

ഇന്റലിജൻസ് വിഭാഗം ഐജി കെ.എൻ.സത്യമൂർത്തി നേരിട്ടുതന്നെ ഇത്തരം നിർദ്ദേശം നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി. ജയലളിത തിരിച്ചു മുറിയിലെത്തിയതിനു ശേഷമാണ് ഈ ക്യാമറകൾ സ്വിച്ച് ഓൺ ചെയ്യാറുണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ നേരത്തെ തന്നെ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം സിസിടിവി ഇടയ്ക്കിടെ ഓഫ് ചെയ്തിരുന്നു എന്ന് ഓപ്പറേറ്റിങ് ഓഫിസർ സുബ്ബയ്യ കമ്മിഷന് മൊഴി നൽകിയിരുന്നു. സെപ്റ്റംബർ കമ്മിഷന് നൽകിയ മൊഴിയിലാണ് സുബ്ബയ്യ ഇക്കാര്യം ചൂണ്ടികാട്ടുന്നത്. ഈ വിഷയത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ തന്നെ വ്യക്തത നൽകിയിരിക്കുന്നത്.

2016 ഡിസംബർ 5നാണ് ജയലളിത മരിച്ചത് .ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2017 സെപ്റ്റംബർ 25നാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.അറുമുഖസ്വാമിയാണ് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഒ.പനീർസെൽവം അന്വേഷണം അവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook