മംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ സിദ്ധാർഥയെ തിങ്കളാഴ്ചയാണ് കാണാതാകുന്നത്. 36 മണിക്കൂറിന് ശേഷം ബുധനാഴ്ച കണ്ടെത്താനായത് അദ്ദേഹത്തിന്റെ മൃതദേഹമാണ്. മംഗളൂരുവിന് സമീപം നേത്രാവദി നദിയിൽ നിന്നുമാണ് പ്രമുഖ വ്യവസായിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തുന്നത്.

Read Also: ആരാണ് വി.ജി.സിദ്ധാർഥ?

കോസ്റ്റ് ഗാർഡിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ 36 മണിക്കൂറുകൾ നീണ്ട തിരച്ചലിന് ഒടുവിലാണ് സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളുമെല്ലാം നടത്തിയ തിരച്ചിലിനാണ് അവസാനമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആളുകളെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു സിദ്ധാർഥയുടെ തിരോധാനം.

സിദ്ധാർഥയെ എപ്പോഴാണ് കാണാതാകുന്നത്?

# തിങ്കളാഴ്ചയാണ് മംഗളൂരുവിന് സമീപത്ത് നിന്നും സിദ്ധാർഥയെ കാണാതാകുന്നത്. തലേദിവസം ബെംഗളൂരു നഗരം വിട്ട സിദ്ധാർഥ ബിസിനസ് ട്രിപ്പിന്രെ ഭാഗമായി സകലേഷ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിൽ നിന്ന് സിദ്ധാർഥ പുറപ്പെട്ടിരുന്നു.

# ഏകദേശം 5.28ഓടെ ബ്രഹ്മരകൂട്‌ലു ടോൾ ഗേറ്റ് പിന്നിട്ട സിദ്ധാർഥ മഹാവീർ സർക്കിളിലെത്തി. അവിടെ നിന്നും കാസർകോടുള്ള കമ്പനി സൈറ്റിലേക്ക് പോകാൻ സിദ്ധാർഥ ഡ്രൈവറായ ബാസവരാജ് പാട്ടീലിനോട് ആവശ്യപ്പെട്ടു.

# എന്നാൽ ആറ് മണിയോടെ വണ്ടി നേത്രാവതി പാലത്തിന് സമീപം എത്തിയപ്പോൾ വണ്ടി നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട സിദ്ധാർഥ താൻ നടക്കാൻ പോവുകയാണെന്നും മടങ്ങി വരുന്നത് വരെ കാത്തുനിൽക്കാനും ആവശ്യപ്പെട്ടു. സിദ്ധാർഥ അപ്പോൾ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവർ പറയുന്നു.

# രണ്ട് മണിക്കൂറിന് ശേഷവും സിദ്ധാർഥ മടങ്ങിയെത്തിയില്ല. ഇതോടെ ഡ്രൈവർ ആദ്യം സിദ്ധാർഥയെ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫാണെന്ന പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഡ്രൈവർ സിദ്ധാർഥയുടെ മകനെ കാര്യം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

# കർണാടക പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സിദ്ധാർഥയുടെ അവസാന ഫോൺ ലൊക്കേഷൻ നദിക്കടുത്ത് തന്നെയുള്ള ജെപ്പു എന്ന പ്രദേശത്താണെന്ന് മനസിലായി.

സിദ്ധാർഥയ്ക്കായി തിരച്ചിൽ

# ഇതോടെ രാത്രിയിൽ പൊലീസ് നദിയിൽ തിരച്ചിൽ ആരംഭിച്ചു. 25 ബോട്ടുകളിലായി 200 ഓളം പൊലീസുകാരും ഡൈവിങ് വിദഗ്‌ധരുമാണ് തിരച്ചിലിൽ പങ്കാളികളായത്. എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്, ഹോം ഗാർഡ്, ഫയർ സർവീസ്, കോസ്റ്റൽ പൊലീസ് എന്നിവരടങ്ങുന്ന സംഘമായിരുന്നു തിരച്ചിൽ നടത്തിയത്.

# ഇതിനിടയിൽ കരന്ദ്‌ലാജെയുടെ നേതൃത്വത്തിലുള്ള കർണാടക ബിജെപി എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് തിരച്ചിലിന് കേന്ദ്രസഹായം ഉറപ്പാക്കി.

# ഈ സമയം കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ എന്നിവർ എസ്.എം.കൃഷ്ണയുടെ വീട് സന്ദർശിച്ചു.

# അതേസമയം, ജൂലൈ 27ന് കഫെ കോഫി ഡേ ജീവനക്കാർക്കും ഡയറക്ടർ ബോർഡിനും അയച്ച കത്തിൽ സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്ന് സിദ്ധാർഥ കുറിച്ചിരുന്നു. “ലാഭകരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നിൽ വിശ്വാസം അർപ്പിച്ചവരെ താഴെയിട്ടതിൽ മാപ്പ്. ഇനിയും സമ്മർദം താങ്ങാൻ സാധിക്കില്ല,” സിദ്ധാർഥ എഴുതി.

# വീണ്ടും തിരച്ചിൽ. ഹെലികോപ്റ്റർ ഉൾപ്പടെയുള്ള സാധ്യതകൾ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശം ആയതിനാൽ കൂടുതൽ താമസം നേരിട്ടു.

# ഇതിനിടയിൽ നീണ്ട 36 മണിക്കൂർ തിരച്ചിലിന് അന്ത്യം കുറിച്ച് സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി

# കുടുംബം സിദ്ധാർഥയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook