തങ്ങളെടു ചെയര്‍മാന്‍ വി.ജി സിദ്ധാര്‍ത്ഥയോടുള്ള സ്‌നേഹവും ബഹുമാനവും മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയാണ് കഫെ കോഫീ ഡേ. ഒപ്പം അദ്ദേഹത്തിന്റെ ‘ദര്‍ശനം(വിഷന്‍), നേതൃത്വം, മഹത്തായ പൈതൃകം’ എന്നിവയ്ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. കാണാതായി 36 മണിക്കൂറിന് ശേഷമാണ്, ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയുടെ കര്‍ണാടകയിലെ നേത്രാവതി നദിയുടെ തീരത്തു നിന്നും കണ്ടെടുത്തത്. അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

‘ഇന്ത്യയില്‍ കോഫി വിപ്ലവം തുടങ്ങിയ ദാര്‍ശനികന്‍’ എന്നാണ് അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ ആ ഹൃദയത്തോളം തന്നെ വലുതായിരുന്നു എന്നും ബിസിനസിനെക്കാള്‍ മുകളിലായിരുന്നു ബന്ധങ്ങള്‍ എന്നും സിസിഡിയുടെ പോസ്റ്റില്‍ കുറിയ്ക്കുന്നു.

തങ്ങളുടെ ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള ലോഗോ ദുഃഖ സൂചകമായി കറുപ്പും വെളുപ്പും നിറത്തിലേക്ക് മാറ്റിയിട്ടുമുണ്ട് കമ്പനി.

Read More: എസ്.വി.രംഗനാഥ് ‘കഫെ കോഫി ഡേ’ ഇടക്കാല ചെയര്‍മാര്‍

കഫെ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും ഉടമസ്ഥനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനുമാണ് വി.ജെ.സിദ്ധാർഥ. തിങ്കളാഴ്ച രാത്രി മംഗളൂരുവിൽനിന്നാണ് സിദ്ധാർഥയെ കാണാതായത്. ചിക്കമംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ സിദ്ധാർഥയെ തിങ്കളാഴ്ച വൈകിട്ട് നേത്രാവതി നദിക്കു കുറുകെയുളള ഉള്ളാൽ പാലത്തിൽവച്ച് കാണാതാവുകയായിരുന്നു.

പാലത്തിനടുത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും താൻ നടക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്തു. താൻ വരുന്നത് വരെ ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഏറെ വൈകിയും സിദ്ധാർഥ മടങ്ങിയെത്തിയില്ല. മണിക്കൂറുകൾ പിന്നിട്ടതോടെ ഡ്രൈവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അതേസമയം, ജൂലൈ 27ന് കഫെ കോഫി ഡേ ജീവനക്കാർക്കും ഡയറക്ടർ ബോർഡിനും അയച്ച കത്തിൽ സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്ന് സിദ്ധാർഥ കുറിച്ചിരുന്നു. “ലാഭകരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നിൽ വിശ്വാസം അർപ്പിച്ചവരെ താഴെയിട്ടതിൽ മാപ്പ്. ഇനിയും സമ്മർദം താങ്ങാൻ സാധിക്കില്ല,” സിദ്ധാർഥ എഴുതി. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ്​ വി.ജി.സിദ്ധാർഥ​. എസ്​.എം.കൃഷ്​ണയുടെ മൂത്ത മകൾ മാളവികയെയാണ്​ സിദ്ധാർഥ​ വിവാഹം ചെയ്​തത്​​.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തിയത്. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധാർഥയെ കാണാതാകുന്നത്. നേത്രാവദി നദിക്ക് കുറുകെയുളള ഉള്ളാൽ പാലത്തിൽ വച്ചാണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേത്രാവദി നദിയിൽ നടത്തിയ തിരച്ചിലിലാണ് കാണാതായതിന് രണ്ട് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook