ന്യൂഡല്‍ഹി: അംഗീകൃത സ്കൂളുകള്‍ കച്ചവട സ്ഥാപനങ്ങള്‍ ആയി മാറരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍(സിബിഎസ്ഇ). സ്കൂളുകളില്‍ യൂനിഫോം, പുസ്തകം, സ്കൂള്‍ ബാഗുകള്‍, ഷൂസ്, തുടങ്ങിയവയൊക്കെ വില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകള്‍ക്ക് സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കിയത്.

സ്കൂള്‍ പരിസരത്തും മറ്റ് ഇടനിലക്കാരെ വെച്ചും സ്കൂള്‍ അധികൃതര്‍ കച്ചവടം നടത്തുന്നതായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് സിബിഎസ്ഇ സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
സാമൂഹ്യസേവകരായാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കച്ചവടസ്ഥാപനത്തിന്റെ മാതൃകയിലേക്ക് നീങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനായിരിക്കണം സ്കൂളുകള്‍ പ്രവര്‍ത്തക്കേണ്ടതെന്നും ഇത്തരം പ്രവൃത്തി തുടര്‍ന്നാല്‍ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ മാത്രമെ സ്കൂളുകള്‍ പിന്തുടരാവു. എന്‍സിഇആര്‍ടി അല്ലാതെ മറ്റ് പ്രസാധകര്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍ വാങ്ങണമെന്ന് സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെക്കൊണ്ട് സ്വകാര്യ പ്രസാധകരുടെ വിലകൂടിയ പാഠ്യപുസ്തകങ്ങള്‍ വാങ്ങിപ്പിക്കുന്നതിനെതിരെയായിരുന്നു സിബിഎസ്ഇയുടെ പരാമര്‍ശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ