ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവിലെ റയാന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രാഥമിക സുരക്ഷാ തത്വങ്ങള്‍ പാലിക്കാന്‍ സ്കൂള്‍ പരാജയപ്പെട്ടെന്നും അംഗീകാരം റദ്ദാക്കാതിരിക്കാനുളള കാരണം കാണിക്കാനുമാണ് നോട്ടീസ് അയച്ചത്.

കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സ്കൂൾ അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ സിബിഎസ്ഇ നിയോഗിച്ച രണ്ടംഗ സമിതി സമർപിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.

സ്കൂളിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അനധ്യാപക ജീവനക്കാർ ഉപയോഗിക്കുന്നത് കുട്ടികളുടെ ശുചിമുറികൾ തന്നെയാണെന്നും സ്കൂളിലെ സിസിടിവികൾ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ