മൂല്യ നിർണയത്തില്‍ വരുന്ന ഗുരുതരമായ ഏറ്റക്കുറച്ചിലുകളെ സമീകരിക്കാനായി വിദ്യാഭ്യാസ സമിതികള്‍ കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു നടപടിക്രമമാണ് മോഡറേഷന്‍. വിവിധ പരിശോധകരുടെ മാര്‍ക്കിടല്‍ സമ്പ്രദായത്തിന് ഒരു പൊതു സ്വഭാവം അല്ലെങ്കില്‍ ക്രമീകരണം വരുത്തുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യം. പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലുമാണ് ഇത് നടപ്പിലാക്കുന്നത്.

കുട്ടികള്‍ പരീക്ഷയില്‍ നേരിട്ട് കാണാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ പരിഗണിച്ചും, ചോദ്യങ്ങളുടെ ‘difficulty level’ കണക്കിലെടുത്തുമാണ് മോഡറേഷന്‍ നിശ്ചയിക്കുന്നത്. ഇത് നടപ്പിലാക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ വിജയ ശതമാനക്കണക്കുകളില്‍ നിന്നും ഒരുപാട് വ്യതിയാനം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.

1992ലാണ് സിബിഎസ്ഇ മോഡറേഷന്‍ സമ്പ്രദായം ആരംഭിക്കുന്നത്. ഒരേ വിഷയത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ചോദ്യ പേപ്പറുകള്‍ എന്ന ആശയത്തിനൊപ്പമാണ് ഇതും അവതരിപ്പിച്ചത്.

മോഡറേഷന്‍ നിര്‍ത്തലാക്കല്‍- എന്ത് കൊണ്ട്?
അതീവ കര്‍ക്കശമായ വിലയിരുത്തല്‍/മാര്‍ക്കിടല്‍, ബുദ്ധിമുട്ടുള്ള ചോദ്യ പേപ്പര്‍ എന്നിങ്ങനെയുള്ള പലതരം പ്രാതികൂല്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പരിരക്ഷ നല്‍കുന്ന മോഡറേഷന്‍ സമ്പ്രദായം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദുരുപയോഗപ്പെടുന്നതായി സൂചനകളുണ്ട്. ബോര്‍ഡ്‌ മാര്‍ക്കുകളില്‍ ‘artificial spiking’ നടക്കുന്നതിന് കാരണമാകുന്നതും മോഡറേഷന്‍ തന്നെ.

ഈ സൂചന ആദ്യം ലഭിക്കുന്നത് 2013 ല്‍, ദേബാര്ഘ്യ ദാസ്, പ്രശാന്ത് ഭട്ടാചാര്‍ജി എന്നീ ബ്ലോഗര്‍മാരിലൂടെയാണ്. ആ വര്‍ഷത്തെ ഐസിഎസ്ഇ, സിബിഎസ്ഇ റിസള്‍ട്ടുകള്‍ വിശദമായി പഠിച്ച ഇവര്‍ 95% മാര്‍ക്ക് ലഭിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അസാമാന്യമായ ഒരുയര്‍ച്ച കണ്ടെത്തി. മറ്റു ചില ക്രമക്കേടുകള്‍ കൂടി വെളിച്ചത്ത് കൊണ്ട് വരാന്‍ ഇവര്‍ക്ക് സാധിച്ചു – ഉദാഹരണത്തിന്, ആ വര്‍ഷത്തെ ഐസിഎസ്ഇ പരീക്ഷയില്‍ ഒരൊറ്റ വിദ്യാര്‍ഥിക്ക് പോലും 81, 82, 84, 85, 87, 89, 91, 92 എന്നീ മാര്‍ക്കുകള്‍ ഒരു വിഷയത്തിലും ലഭിച്ചിരുന്നില്ല.

അടുത്തിടെ സിബിഎസ്ഇ നടത്തിയ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷാഫല അവലോകനത്തില്‍ (2014, 2015, 2016 വര്‍ഷങ്ങള്‍) മിക്ക സംസ്ഥാനങ്ങളും മോഡറേഷന്‍ നടപ്പിലാക്കുന്നതില്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി. സ്റ്ററ്റിസ്റ്റിക്കൽ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ബെല്‍ കര്‍വ്വ് ഉണ്ടാകേണ്ടയിടത്ത്, അസാധാരണമായ ഉയര്‍ച്ചകളാണ് കണ്ടെത്തിയത്, അതും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരില്‍.

ഈ പ്രവണത വരുത്തി വച്ച ഏറ്റവും വലിയ അപകടമിതാണ് – രാജ്യത്തെ മികച്ച സർവകലാശാലകളെല്ലാം തന്നെ അവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇതിനനുസൃതമായി ഉയര്‍ത്തി എന്നത്. ഡല്‍ഹി സർവകലാശാല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 100 ശതമാനം കട്ട്‌ ഓഫ് അടിസ്ഥാനത്തിലാണ് ഡിഗ്രി പ്രവേശനങ്ങള്‍ നല്‍കുന്നത്.

ഈ വിധം സാധാരണയില്‍ കവിഞ്ഞ മാര്‍ക്ക് നേടുന്ന ഒരു വിദ്യാര്‍ഥി തന്‍റെ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ശരിയായ ധാരണയില്ലാതെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നു. തനിക്ക് വാസനയോ യോഗ്യതയോ ഇല്ലാത്ത കോഴ്സ് പഠിക്കാന്‍ ചേരുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മോഡറേഷന്‍ നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുണ്ട്.

എപ്പോള്‍ മുതലാണ്‌ ഈ ക്രമക്കേടുകള്‍ നടന്നത്?
2014 മുതല്‍ ഇത് വ്യാപകമായി തുടങ്ങി എന്ന് കേന്ദ്ര മനുഷ്യവിഭവ മന്ത്രാലയം സംശയിക്കുന്നു. ആ വര്‍ഷമാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍ (NITs) ഉള്‍പ്പെടുന്ന കേന്ദ്ര ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ബോര്‍ഡ്‌ മാര്‍ക്കിന് വെയിറ്റേജ് നല്‍കി ജോയിന്റ് എൻട്രന്‍സ് എക്സാം (JEE) സ്കോറുകള്‍ നല്‍കിത്തുടങ്ങിയത്.

ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊഴിച്ച് ബാക്കി എല്ലായിടങ്ങളിലെയും ബോര്‍ഡ്‌ മാര്‍ക്കുകള്‍ ശരാശരിയിലും ഉയര്‍ച്ച രേഖപ്പെടുത്തിയ കാലമാണ് 2014 – 2016. ആ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പ്രശസ്തമായ ചില ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ലഭിക്കാനായി അതാത് സംസ്ഥാനങ്ങള്‍ ഇങ്ങനെ ഒരു നടിപടി കൈക്കൊണ്ടതായാണ് അനുമാനം.

മോഡറേഷന്‍ പിന്‍വലിക്കുമ്പോള്‍ ഇനിയെന്ത് ?
ഏപ്രില്‍ 24 ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടി ക്രമങ്ങള്‍ സിബിഎസ്ഇ, ഐസിഎസ്ഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് (NIOS) എന്നിവ ഉള്‍പ്പെടെ എല്ലാ സംസ്ഥാന ബോര്‍ഡുകളും നടപ്പിലാക്കും. മാര്‍ക്കുകള്‍ക്കുള്ള മോഡറേഷന്‍ നിര്‍ത്തലാക്കുന്നതിനോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുക്കും. എന്നാല്‍ ഇവയുടെ വിലയിരുത്തല്‍ വേറിട്ട് പരിഗണിക്കും. നിലവില്‍ ചില ബോര്‍ഡുകള്‍ ഫിസിക്കല്‍ എജ്യുക്കേഷന് ലഭിക്കുന്ന ഗ്രേഡുകള്‍ അകാദമിക് ഗ്രേഡുകളുമായി ചേര്‍ത്ത് ബോര്‍ഡ്‌ റിസള്‍ട്ട്‌ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതും നിര്‍ത്തലാക്കും.

രാജ്യത്താകമാനമുള്ള 32 ബോര്‍ഡുകള്‍ക്കും ഏകരൂപത കൈവരുത്താനായി കണക്കിലും ശാസ്ത്രവിഷയങ്ങളിലും NCERT സിലബസ് സ്വീകരിക്കും. സിബിഎസ്ഇക്ക് സമാനമായ ചോദ്യ പേപ്പറുകള്‍ തയാറാക്കുന്നതിനായി മറ്റു ബോര്‍ഡുകളുമായി സിബിഎസ്ഇ ചോദ്യ പേപ്പറുകള്‍ പങ്കുവയ്ക്കും.

ഇതിന്‍റെ മേല്‍നോട്ടത്തിനായി കേന്ദ്രം ഒരു വര്‍ക്കിങ് ഗ്രൂപ്പ്‌ സജ്ജീകരിച്ചിട്ടുണ്ട്. സിബിഎസ്ഇ ചെയര്‍മാനും, ഐസിഎസ്ഇ മെംമ്പര്‍മാരും, ഗുജറാത്ത്‌, ജമ്മു – കശ്മീര്‍, കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഡ്, കേരളം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മെംബര്‍മാരും അടങ്ങുന്ന ഒരു ഗ്രൂപ്പ്‌. ഏപ്രില്‍ 24 ന് കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഇവരുടെ ദൗത്യം.

എന്താണ് ഗ്രേസ് മാര്‍ക്ക്?
മോഡറേഷനുമായി പലപ്പോഴും മാറിപ്പോകുന്ന ഒന്നാണ് ഗ്രേസ് മാര്‍ക്ക്. എന്നാല്‍ മോഡറേഷനില്‍ നിന്നും വ്യത്യസ്തമായി ഒരു സ്കൂളിന്‍റെ വിജയ ശതമാനമുയര്‍ത്താനായി നല്‍കുന്ന ഒന്നാണ് ഗ്രേസ് മാര്‍ക്ക്. അതുകൊണ്ട് തന്നെ മോഡറേഷന്‍ നിര്‍ത്തിയാലും ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തുടരും. ഇതിന് സുതാര്യത വരുത്താനായി തങ്ങളുടെ ഗ്രേസ് മാര്‍ക്ക് പോളിസി രൂപപ്പെടുത്തി, ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ ബോര്‍ഡുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്, മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തുകയും വേണം.

ഈ തീരുമാനങ്ങള്‍ ഈ വര്‍ഷത്തെ പരീക്ഷാഫലത്തെ എങ്ങനെ ബാധിക്കും?
കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റില്‍ ലഭിക്കുന്ന കൂടിയ മാര്‍ക്കുകള്‍ അവര്‍ അര്‍ഹിക്കുന്നതല്ല എന്നാണ് ഏപ്രില്‍ 24 ന് കൂടിയ യോഗത്തില്‍ തെളിഞ്ഞത്. അങ്ങനെ നോക്കിയാല്‍, മോഡറേഷന്‍റെ അഭാവത്തില്‍ വരുന്ന ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ്സ്‌ ഫലം നിരാശാജനകമായിരിക്കും. 90 – 95 ശതമാനക്കണക്കുകള്‍ ഇനി കേട്ടില്ല എന്ന് വരാം. ചരിത്രത്തിലാദ്യമായി ബോര്‍ഡ്‌ റിസള്‍ട്ട്‌ സത്യസന്ധവും സുതാര്യവുമാകും, മേല്‍പറഞ്ഞ തീരുമാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ