ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചത്.

‘പരീക്ഷ സമ്മർദം എങ്ങനെ മറികടക്കാമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എക്സാം വാരിയേഴ്സ് എന്ന പുസ്തകം എഴുതിയത്. ചോദ്യപേപ്പർ ചോർച്ച അവരുടെ ഭാവിയെ ബാധിക്കാതിരിക്കാനുളള മാർഗങ്ങൾ അടങ്ങിയതാകും എക്സാം വാരിയേഴ്സ് 2 എന്ന അടുത്ത പുസ്തകം’, രാഹുൽ ട്വീറ്റ് ചെയ്തു.

ബിജെപി സർക്കാരിന്റെ കാലത്ത് സർവ്വത്ര ചോർച്ചകളാണെന്നും രാജ്യത്തിന്റെ കാവൽക്കാരൻ ദുർബലനായതിലാണ് ഇതെന്നും കഴിഞ്ഞ ദിവസം രാഹുൽ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. ഇനി ഒരു വർഷം കൂടി എന്ന ഹാഷ് ടാഗോടുകൂടിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

”ഡാറ്റ ചോർച്ച, ആധാർ ചോർച്ച, പത്താം ക്ലാസ് ചോദ്യപേപ്പർ ചോർച്ച, തിരഞ്ഞെടുപ്പ് തീയതി ചോർച്ച, സിബിഎസ്ഇ പരീക്ഷ പേപ്പർ ചോർച്ച, തുടങ്ങി എന്തൊക്കെ ചോർച്ചകളാണ്?. എല്ലാറ്റിലും ലീക്ക് തന്നെയാണ്. കാവല്‍ക്കാരന്‍ ദുർബലനാണ്” ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പത്താം ക്ലാസ് കണക്ക്, പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷകളാണ് റദ്ദാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇക്കണോമിക്സ് പരീക്ഷ നടന്നത്. കണക്ക് പരീക്ഷ ഇന്നലെ രാവിലെയാണ് നടന്നത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നരേന്ദ്ര മോദി നിർദേശം നൽകിയിരുന്നു.

കർണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ തീയതി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook