ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഫലങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സിബിഎസ്ഇ സ്വീകരിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.
സിബിഎസ്ഇയുടെ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഐഎസ്സിഇ പ്ലസ് ടു പരീക്ഷകളും ഉപേക്ഷിച്ചു. ബോര്‍ഡിന്റെ തലവനായ ജെറി ആരത്തൂണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കേന്ദ്ര മന്ത്രിമാരും, കാബിനറ്റ് സെക്രട്ടറിയും, മറ്റ് പരീക്ഷ ബോര്‍ഡംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ താത്പര്യപ്രകാരമാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മൂലം അദ്ധ്യേന വര്‍ഷം നഷ്ടമായി. പരീക്ഷയിലെ അനിശ്ചിതത്വം കുട്ടികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ ആശങ്കയുണ്ടാക്കി. ഇതിന് ഒരു അവസാനം കാണേണ്ടതുണ്ട്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
“രാജ്യത്തെ കോവിഡ് സാഹചര്യം ഗുരുതരമാണ്. രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് പ്രക്രിയ ഉപയോഗിച്ച് വ്യാപനം തടയുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തിരഞ്ഞെടുത്തു. വിദ്യാര്‍ഥികളും, രക്ഷിതാക്കളും, അധ്യാപകരും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ആശങ്കയിലാണ്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുട്ടികളെ പരീക്ഷയെഴുതിക്കുന്നത് അനുയോജ്യം അല്ല,” പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കിയതില്‍ സന്തോഷമുണ്ട്. കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ വലിയ ആശ്വാസമായി,” കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
പരീക്ഷ റദ്ദാക്കിയതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരീക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
പരീക്ഷ നടത്തിപ്പിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മേയ് 23 ആം തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാര്‍ഗങ്ങളാണ് പരീക്ഷ ബോര്‍ഡുകളുടെ മുന്നിലേക്ക് വച്ചത്. ഒന്ന് പ്രധാന വിഷയങ്ങള്‍ക്ക് മാത്രം അനുവദിച്ച കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുക. മറ്റുള്ളവയ്ക്ക് പ്രധാന വിഷയങ്ങളുടെ ഫലം അനുസരിച്ച് മാര്‍ക്ക് നല്‍കുക. രണ്ട്, വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കൂളുകളില്‍ വച്ച് പരീക്ഷ നടത്തുക. പക്ഷെ സമയം ഒന്നര മണിക്കൂറായി ചുരുക്കണം.
32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്ലസ് ടു പരീക്ഷ നടത്തുന്നതില്‍ പിന്തുണ അറിയിച്ചിരുന്നു. ഇതിൽ 29 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രം നിര്‍ദേശിച്ച രണ്ടാമത്തെ മാര്‍ഗത്തിനാണ് മുന്‍തൂക്കം നല്‍കിയത്. അല്ലാത്ത പക്ഷം സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും സമ്മതമറിയിച്ചു. ദില്ലി, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ നിക്കോബാർ എന്നീ നാല് സംസ്ഥാനങ്ങൾ മാത്രമാണ് പരീക്ഷയെ ശക്തമായി എതിര്‍ത്തത്.