ന്യൂഡൽഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ കുടുംബം, കുട്ടികൾ, സ്ത്രീ-പുരുഷ തുല്യത എന്നിവ പരാമർശിച്ച വിവാദ ചോദ്യം സിബിഎസ്ഇ പിൻവലിച്ചു. അതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകും.
ശനിയാഴ്ച നടന്ന പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു വിവാദമായ ചോദ്യം. മൂന്ന് പാരഗ്രാഫ് വരുന്ന ചോദ്യം പിന്തിരിപ്പൻ ആശയം മുന്നോട്ട് വെക്കുന്നതാണെന്നും സ്ത്രീ വിരുദ്ധമാണെന്നുമായിരുന്നു വിമർശനം.
‘സ്ത്രീവിമോചനം വിമോചനം കുട്ടികൾക്ക് മേലുള്ള രക്ഷിതാവിന്റെ അധികാരത്തെ നശിപ്പിച്ചു ആളുകൾ മനസിലാക്കാൻ വൈകി പോയി, പുരുഷനെ അവരുടെ അധികാരത്തിൽ നിന്നും ഭാര്യയും അമ്മയും മാറ്റിയതോടെ അച്ചടക്കം നഷ്ടമായി” തുടങ്ങിയ കാര്യങ്ങളാണ് പാരഗ്രാഫിൽ ഉണ്ടായിരുന്നത്.
വിമർശനങ്ങളെ തുടർന്ന് ചോദ്യം വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച ബോർഡ് തിങ്കളാഴ്ച ചോദ്യം ഒഴിവാക്കിയതായി ഉത്തരവ് ഇറക്കുകയായിരുന്നു.
മറ്റു ചോദ്യപേപ്പർ സെറ്റുകളിലും സമാന ചോദ്യം വന്നിരിക്കുന്നതിനാൽ പത്താം ക്ലാസ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പേപ്പറിന്റെ ഒന്നാം നമ്പർ പാസ്സേജിനു മുഴുവൻ മാർക്കും നൽകുമെന്ന് സിബിഎസ്ഇ ഉത്തരവിൽ പറഞ്ഞു.
ഇന്ന് രാവിലെ സോണിയ ഗാന്ധി പാർലമെന്റിൽ വിവാദ ചോദ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലോക്സഭയിൽ നിന്നും വാൾക്ഔട്ട് നടത്തിയിരുന്നു.