ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പാലക്കാട് കൊപ്പം ലയൺസ് സ്കൂളിലെ എ. വിജയ് ഗണേശിനെ കുറിച്ച് പ്രജ്‌ന ഉണ്ണിക്കുമാരത്ത് എഴുതുന്നു

കൊച്ചി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ വിഭാഗത്തിൽ ദേശീയതലത്തിലെ ഒന്നാം റാങ്ക് പാലക്കാടുക്കാരന് സ്വന്തം. പാലക്കാട് കൊപ്പം ലയൺസ് സ്കൂളിലെ എ.വിജയ് ഗണേശാണ് 500ല്‍ 492 മാര്‍ക്കും സ്വന്തമാക്കി കൊമേഴ്സ്‌ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജന്മനാ കാഴ്ചക്കുറവുളള ഗണേശ് തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് മൊത്തം നല്‍കുന്നത് ദൈവത്തിനും, മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കുമാണ്. മലബാര്‍ സിമെന്റ്സ് ചീഫ് എന്‍ജിനീയര്‍ അനന്ത നാരായണന്‍റെയും, ഇന്‍ഷുറന്‍സ് ഏജന്റായ സുഹാസിനിയുടെയും മകനാണ് ഗണേശ്.

ചെറുപ്പം മുതല്‍ ഗണേശ് പഠിക്കുന്നത് പാലക്കാട് കൊപ്പം ലയൺസ് സ്കൂളിലാണ്. സ്കൂളിനെക്കുറിച്ച് പറയുമ്പോള്‍ അച്ഛന്‍ അനന്തനാരായണന് നല്ല അഭിപ്രായമാണ്.

“പഠിക്കുന്നതിന് വളരെ നല്ല സപ്പോര്‍ട്ടാണ് സ്കൂള്‍ നല്‍കുന്നത്. എല്‍കെജി മുതല്‍ അവന്‍ പഠിക്കുന്നത് അവിടെ തന്നെയാണ്. വളരെയധികം പ്രോത്സാഹനവും, പിന്തുണയുമാണ്‌ സ്കൂളിന്‍റെ ഭാഗത്ത് നിന്ന് അവന് ലഭിച്ചത്,” അദ്ദേഹം പറഞ്ഞു.

പഠിക്കുന്ന കാര്യത്തില്‍ മാതാപിതാക്കളാണ് ഗണേശിനെ സഹായിക്കുന്നത്. ഓണ്‍ലൈനില്‍ നിന്ന് പഠന സാമഗ്രികള്‍ എടുത്ത് കൊടുത്താല്‍ അവന്‍ സ്വയം പറഞ്ഞ് പഠിക്കും. പ്രത്യേക ട്യൂഷന് ഒന്നും പോയിട്ടില്ലാത്ത ഗണേശിന് ഏത് സമയത്തും സംശയ നിവാരണത്തിന് അധ്യാപകരെ വിളിക്കാനുള്ള അനുവാദമുണ്ടായിരുന്നു.

“അതാത് ദിവസം പഠിപ്പിക്കുന്നത് ഞാന്‍ അന്ന് തന്നെ പഠിച്ച് തീര്‍ക്കും. കൂടി പോയാല്‍ ഒരാഴ്ചക്കുള്ളില്‍ ഞാന്‍ പഠിച്ചിരിക്കും. ഒരുപാട് സമയം വായിക്കാനോ, കംപ്യൂട്ടര്‍ സ്ക്രീന്‍ നോക്കിയിരിക്കാനോ എന്നെക്കൊണ്ട് പറ്റില്ല. കണ്ണ് വളരെ പെട്ടെന്ന് ക്ഷീണിക്കും. അതുകൊണ്ട് കൂടുതലും കേട്ട് പഠിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്,” തന്‍റെ വിജയത്തിലേയ്ക്കുളള വഴിയെ കുറിച്ച് ഗണേശ്  പറയുന്നു.

നാല്‍പ്പത് ശതമാനം കാഴ്ച കുറവുളള  ഗണേശ് സ്ക്രൈബിന്‍റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. കുഞ്ഞ് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വലിയ കണ്ണടകള്‍ ഉപയോഗിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു മണിക്കൂര്‍ കൂടുതല്‍ സമയവും പരീക്ഷയ്ക്ക് അനുവദിച്ചു കിട്ടിയിരുന്നു. പരീക്ഷയെക്കുറിച്ചുള്ള ഗണേശിന്‍റെ ഒരേയൊരു പരിഭവം ആശ്വസിച്ചിരുന്ന വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാന്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച മൂലമുള്ള ഇക്കണോമിക്സിന്‍റെ പുനര്‍പരീക്ഷയായിരുന്നു.

ചാർട്ടേർഡ് അക്കൗണ്ടൻഡ് എന്ന സ്വപ്നവുമായി നടക്കുന്ന ഗണേഷ് നിലവില്‍ അതിന് വേണ്ടിയുള്ള എൻട്രന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ്.

Read More: ‘പ്രതിസന്ധികളോട് പൊരുതി വിജയിച്ച് സ്മിത്ത്’, തളർവാതം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ