ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷന്റെ (സിബിഎസ്ഇ) 12-ാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. ചോദ്യങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സിബിഎസ്ഇയുടെ സെറ്റ് 2വിലെ ചോദ്യങ്ങളാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചു.
ചോദ്യപേപ്പറിന്റെ തന്നെ കോപ്പിയും വാട്ട്സ്ആപ്പില്‍ പ്രചരിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലെത്തിയത്. യഥാര്‍ത്ഥ ചോദ്യപേപ്പര്‍ മന്ത്രി പരിശോധിച്ച് ഇതേ ചോദ്യപേപ്പര്‍ തന്നെയാണ് വാട്സ്ആപ്പില്‍ പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സെക്രട്ടറിക്കും സിസോദിയ നല്കിയ നിര്‍ദേശപ്രകാരം ഇവര്‍ ചോദ്യപേപ്പര്‍ പരിശോധിച്ചപ്പോഴാണ് സെറ്റ് 2വിലെ ചോദ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതാണെന്ന് കണ്ടെത്തിയത്.
രോഹിണി പ്രദേശത്ത് നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. ഇന്നലെ മുതല്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ചോര്‍ന്ന പേപ്പര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിലും പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി മനീഷ് സിസോദിയ വ്യക്തമാക്കി.