ഈ അദ്ധ്യായന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ 2019 ഫെബ്രുവരിയിൽ ആരംഭിക്കും. സമ്പൂർണ്ണ പരീക്ഷക്രമം അടുത്താഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും സെൻട്രൽ ബോർഡ് അറിയിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരീക്ഷകൾ നേരത്തെയാക്കിയിരിക്കുന്നത്.

സിബിഎസ്ഇ വിദ്യാർത്ഥികളുടെ കോളെജ് പ്രവേശനം കണക്കിലെടുത്താണ് 2018 ജൂലൈ 11ന് ഡൽഹി ഹൈക്കോടതി പ്രത്യേക ഉത്തരവിറക്കിയത്. പരീക്ഷഫലം വരുന്നതിനും പുനർമൂല്യനിർണ്ണയമുൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. ഇത് വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും തടസ്സമായി. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ നേരത്തെ നടത്താൻ ബോർഡിന്റെ തീരുമാനം.

കോടതി ഉത്തരവനുസരിച്ച് പ്രവർത്തിക്കാൻ സെൻട്രൽ ബോർഡിനും ഡൽഹി യൂണിവേഴ്സിറ്റിക്കും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറും നിർദ്ദേശം നൽകിയിരുന്നു. നേരത്തെ മാർച്ച് എപ്രിൽ മാസങ്ങളിലാണ് സിബിഎസ്ഇ പരീക്ഷകൾ നടത്തിയിരുന്നത്.

40 ഓളം വോക്കെഷണൽ സബ്ജക്റ്റുകൾക്ക് പുറമെ റ്റൈപ്പോഗ്രഫി, കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻ, വെബ് ആപ്പ്ലിക്കേഷൻ, ഗ്രാഫിക്സ്, ഓഫീസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങലിലും പരീക്ഷകൾ ഫെബ്രുവരിയിൽ നടക്കും. ഇക്കുറി പരീക്ഷകൾ നേരത്തെ നടക്കുന്നത് വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി പ്രവേശനം സുഗമമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook