/indian-express-malayalam/media/media_files/uploads/2017/05/ouutexamination.jpg)
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ സിബിഎസ്ഇ റിസൾട്‌സ് വെബ്സൈറ്റിലും ഫലം അറിയാൻ സാധിക്കും. മോഡറേഷൻ നിർത്തലാക്കരുതെന്ന ഡൽഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മോഡറേഷൻ മാർക്ക് രേഖപ്പെടുത്തിയാണ് ഇക്കുറിയും പരീക്ഷാ ഫലം പുറത്തുവരിക.
www.cbse.nic.in എന്ന സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാൻ സാധിക്കും. മാർച്ച് 9 മുതൽ ഏപ്രിൽ 29 വരെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. മോഡറേഷൻ ഇക്കുറിയും നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി ഫലപ്രഖ്യാപനം വൈകിപ്പിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
രാവിലെ തന്നെ ഫലം വരുമെന്നാണ് സൂചന. ഫലം വൈകില്ലെന്ന് ഇന്നലെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കിയിരുന്നു. വളരെ കടുപ്പമേറിയ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് അധികമാർക്ക് നൽകുന്ന മോഡറേഷൻ നടപടികൾ നിർത്താൻ സിബിഎസ്ഇ ആലോചിച്ചിരുന്നു.
"ഡൽഹി ഹൈക്കോടതി, മോഡറേഷൻ സംബന്ധിച്ച് നൽകിയ അഞ്ച് നിർദ്ദേശങ്ങൾ മുഴുവനായും പാലിക്കുമെന്ന്" സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ ബോർഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന വാർത്തയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്ന് ബോർഡ് പിന്മാറി. ഈ വർഷം 10,98,891 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 10,678 സ്കൂളുകളിൽനിന്നാണ് 11 ലക്ഷം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 2.82 ശതമാനം കൂടുതലാണിത്. 10 റീജിയണുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ (2,58,321) പരീക്ഷയ്ക്കിരുത്തിയത് ഡൽഹിയായിരുന്നു.
അതേസമയം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നത് കേരളത്തിലെ പ്ലസ് പ്രവേശന നടപടികളെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഫലം വന്ന ശേഷമേ നടപടികൾ തുടരാകൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.