ന്യൂഡൽഹി: സി.ബി.ഐ ഉദ്യോഗസ്ഥന്‍ എ.കെ. ശർമയെ സ്​ഥലം മാറ്റിയ സംഭവത്തിൽ സി.ബി.​ഐ മുൻ ഇടക്കാല ഡയറക്​ടർ എം. നാഗേശ്വർ റാവു കോടതിയലക്ഷ്യം പ്രവർത്തിച്ചെന്ന്​ സുപ്രീംകോടതി. ബിഹാറിലെ മുസഫർപൂർ ​അഗതി മന്ദിരത്തിലെ ലൈംഗിക പീഡന കേസ്​ അന്വേഷിച്ച് കൊണ്ടിരിക്കെയാണ് ശര്‍മയ്ക്കെതിരെ നടപടി എടുത്തത്. സംഭവത്തില്‍ നാഗേശ്വര റാവു വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി അറിയിച്ചു.

നാഗേശ്വർ റാവു ചൊവ്വാഴ്​ച സുപ്രീംകോടതി മുമ്പാകെ നേരിൽ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ എ.കെ. ശർമയെ സ്​ഥലം മാറ്റിയത് കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി. നിര്‍ണായകമായ തീരുമാനം കൊക്കൊളളുന്നതില്‍ ഇടക്കാല ഡയറക്ടര്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ‘ഇത്​ വളരെ ഗുരുതരമായ വിഷയമായാണ്​ കോടതി പരിഗണിക്കുന്നത്​. നിങ്ങള്‍ കോടതി ഉത്തരവിനോടാണ് കളിച്ചത്. ദൈവം നിങ്ങളെ ​രക്ഷിക്കട്ടെ​​,’ -ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ പറഞ്ഞു.

‘ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് സുപ്രിംകോടതി പറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം പാലിച്ച് നടപടി എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിച്ചു?’ എന്ന് കോടതി ആരാഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റുന്ന സമിതിയുടെ അറിവോടെയാണ് നടപടിയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook