ന്യൂഡല്‍ഹി: ബൊഫോഴ്‌സ് അഴിമതി കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനാണ് സിബിഐ അനുമതി തേടിയത്. നേരത്തെ, പുതിയ തെളിവുകള്‍ ലഭ്യമായെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. മതിയായ കാരണമുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിക്കുമെന്ന് ജഡ്ജി അറിയിച്ചു.

പുതുതായി ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തില്‍ ബൊഫോഴ്‌സ് ഇടപാടില്‍ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നത്. കേസിലെ മുന്നോട്ടുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും നിലവില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് നവീന്‍കുമാറിനോട് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

official residency of cbi direct

2005 മെയ് 31ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതിയിലും സിബിഐ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഹര്‍ജി സമര്‍പ്പിക്കാന്‍ 13 വര്‍ഷം കാലതാമസമെടുത്തെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. ഇത്രയും കാലതാമസം വരുത്തിയതിന് ന്യായീകരണമില്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

എങ്കിലും എതിര്‍കക്ഷിയെന്ന നിലയില്‍ കേസില്‍ സിബിഐയുടെ ഹര്‍ജിക്ക് സാധുതയുണ്ടായിരുന്നതിനാലാണ് ഹൈക്കോടതിയില്‍ തള്ളിപ്പോകാതിരുന്നത്. സ്വീഡിഷ് നിര്‍മാതാക്കളായ ബൊഫോഴ്‌സില്‍ നിന്ന് 1437 കോടി രൂപക്ക് ഇന്ത്യന്‍ സൈന്യത്തിനായി തോക്കുകള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്.

Read More: രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യം മാത്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി

1986ലാണ് വിവാദമായ ഈ ഹോവിറ്റ്‌സര്‍ പീരങ്കി ഇടപാട് നടന്നത്. ആയുധ ഇടപാടില്‍ അഴിമതി നടന്നുവെന്ന വാര്‍ത്ത സ്വിസ് മാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇതു നിഷേധി.ച്ചു. പക്ഷേ, രാജ്യവ്യാപകമായി ബൊഫോഴ്‌സ് അഴിമതിക്കെതിരേ പ്രക്ഷോഭമുണ്ടായി. 1989ലെ തിരഞ്ഞെടുപ്പില്‍ രാജിവ് ഗാന്ധിക്ക് കടുത്ത തിരിച്ചടിയേറ്റു.

ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ 1989ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് ബൊഫോഴ്‌സ് അഴിമതി ആരോപണമായിരുന്നു. ടെലിവിഷന്‍ വാര്‍ത്ത ചാനലുകളോ ഓണ്‍ലൈന്‍ മീഡിയയോ ഇല്ലാത്ത അക്കാലത്ത് ഹിന്ദു പത്രത്തിലൂടെ ചിത്ര സുബ്രഹ്മണ്യം പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളാണ് പ്രതിരോധ മന്ത്രിയായിരുന്ന വി പി സിംഗിന്റെ രാജിയിലേക്കും കോണ്‍ഗ്രസിലെ പിളര്‍പ്പിലേക്കും തെരഞ്ഞെടുപ്പ് തോല്‍വിയിലേക്കും നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook