ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ചിദംബരത്തിനെതിരെ നീക്കം നടത്തുന്നത്. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാല്‍, ചിദംബരം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് തിരിച്ചുപോയത്. ചിദംബരത്തെ കസ്റ്റഡിയിലെടുക്കാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചിദംബരം വീട്ടിലുണ്ടാകാത്തതിനാല്‍ സിബിഐ മടങ്ങി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സുപ്രീം കോടതിയെ സമീപിക്കും.

കഴിഞ്ഞ വര്‍ഷം മേയ് 31 നാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സംരക്ഷണം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ പ്രതിസന്ധിയിലാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണവും നീക്കുന്നതായി കോടതി അറിയിച്ചു.

Read Also: ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷി ചിത്രത്തിനു പിന്നില്‍ ചതിയുണ്ട്; ആരോപണവുമായി എഴുത്തുകാരി

ചിദംബരത്തിനെതിരെ അന്വേഷണം നടത്താൻ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.

ആദായനികുതി വകുപ്പ് ഐഎൻഎക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇന്ദ്രാണിയും പീറ്ററും പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ പി.ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്ന് സിബിഐ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook