ഹൈദരാബാദ്/ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ റെയ്‌ഡോ മറ്റ് അന്വേഷണങ്ങളോ നടത്തരുതെന്ന ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഈ തീരുമാനം ഏറ്റുപിടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐക്ക് സംസ്ഥാനത്തിന് അകത്ത് പ്രവേശിക്കാനാകില്ലെന്ന് മമത പ്രഖ്യാപിച്ചു. ഇന്നലെ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനത്തെ പിന്തുണച്ച് മമത രംഗത്തെത്തിയിരുന്നു.

‘സിബിഐയെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം വളരെ ഉചിതമാണ്. ഞങ്ങളും ഈ നയം പിന്തുടരുകയാണ്. നിയമങ്ങള്‍ പുനഃപരിശോധിക്കും. ബിജെപി അവരുടെ പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. സിബിഐ മുതല്‍ ആര്‍ബിഐ വരെയുള്ള സ്ഥാപനങ്ങളെയെല്ലാം അവര്‍ ദുരന്തങ്ങളാക്കി മാറ്റിയിട്ടുണ്ട്,’ മമത ബാനര്‍ജി പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തിരുന്നു.

‘ചന്ദ്രബാബുജി ചെയ്തത് ശരിയായ കാര്യമാണ്. സിബിഐയെയും ഇന്‍കംടാക്‌സ് വകുപ്പിനേയും മോദി ദുരുപയോഗം ചെയ്യുകയാണ്,’ എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് സിബിഐയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം സിബിഐക്ക് പ്രവേശനാനുമതി നിഷേധിക്കുക എന്നാല്‍, അനുവാദമില്ലാതെ ഒരു സംസ്ഥാനത്ത് പ്രവേശിക്കുന്ന നിമിഷം മുതല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റേതായ എല്ലാ അധികാരവും അവര്‍ക്ക് നഷ്ടപ്പെടുന്നുവെന്നാണെന്ന് സിബിഐലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അതേസമയം ഇരുസംസ്ഥാനങ്ങളുടേയും ഈ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രണ്ട് അഴിമതി പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യം എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. ചന്ദ്രബാബു നായിഡുവിന്റേത് അധികാരദുര്‍വിനിയോഗമാണെന്ന് ബി.ജെ.പി. വക്താവ് ജി.വി.എല്‍. നരസിംഹറാവു ആരോപിച്ചു.

നിലവിലുള്ള അഴിമതി ആരോപണങ്ങളില്‍ സിബിഐയുടെ വിശ്വാസ്യത നഷ്ടമായതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇനി മുതല്‍ സിബിഐക്ക് പകരം അഴിമതി കേസുകള്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് (എസിബി) അന്വേഷിക്കുക. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്താന്‍ എസിബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ചുകൊണ്ട് തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. സിബിഐയും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനേയും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ നേതാവ് വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബിജെപി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐക്ക് നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ആന്ധ്രാപ്രദേശില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ ഒന്നും തന്നെയില്ല. മാംസം കയറ്റുമതി ചെയ്യുന്ന മോയിന്‍ ഖുറേഷിയുടെ കമ്പനിയും വ്യവസായി സനാ സതീഷ് ബാബുവും തമ്മിലുള്ള കേസ് ന്യൂഡല്‍ഹിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം സിബിഐക്ക് രാജ്യത്തെ ഏത് ഭാഗത്തും കേസ് അന്വേഷിക്കാനുള്ള അധികാരമുണ്ടെങ്കിലും, സെക്ഷന്‍ 6 പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഏജന്‍സിക്ക് ആ പ്രത്യേക സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ