ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത കേന്ദ്രത്തിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ച കൂടുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. അലോക് വര്‍മ്മയും സ്പെഷ്യല്‍ ഡയറക്ടടര്‍ രാകേഷ് അസ്താനയും തമ്മിലുണ്ടായ തര്‍ക്കം അന്വേഷണ ഏജന്‍സിയെ പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യരാക്കി മാറ്റിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

പരസ്പരം ഗുരുതരമായ അഴിമതി ആരോപിച്ച് രംഗത്തെത്തിയ ഇരുവരേയും കേന്ദ്രം അവധിക്ക് അയയ്ക്കുകയും സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരും പരസ്പരം ‘പൂച്ചകളെ പോലെ അടികൂടിയപ്പോള്‍’ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

‘രണ്ട് ഉദ്യോഗസ്ഥരും എന്താണ് ചെയ്യുന്നതെന്ന് അതിശയപ്പെട്ട് കേന്ദ്രം നോക്കുകയായിരുന്നു. ഇരുവരും പൂച്ചകളെ പോലെ അടികൂടുകയായിരുന്നു,’ കെ.കെ.വേണുഗോപാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇരുവരും തമ്മിലുളള തര്‍ക്കം സിബിഐയുടെ വിശ്വാസ്യതയെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു. സിബിഐയെ കുറിച്ചുളള വിശ്വാസം പുനഃസ്ഥാപിക്കുക എന്നത് മാത്രമായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം,’ രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിനെ എജി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook