ന്യൂഡൽഹി: സിബിഐ​ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട അലോക് വർമ്മയുടെ വീടിന് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേരെ പൊലീസിന് കൈമാറി. ഔദ്യോഗിക വേഷത്തിലല്ലാതെ അലോക് വർമ്മയും കുടുംബവും താമസിക്കുന്ന ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്നും ഇന്ന് രാവിലെയാണ് ഇവരെ പിടികൂടിയത്.

രാവിലെ ആറ് മണിയോടെ അലോക് വർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ധീരജ് കുമാർ സിങ്, അജയകുമാർ, പ്രശാന്ത് കുമാർ, വിനിത് കുമാർ ഗുപ്ത എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ ഡൽഹി പൊലീസിന്റെ കൺട്രോൾ റൂമിന് കൈമാറി. ഇവർ ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുളളവരാണെന്ന് സംശയിക്കപ്പെടുന്നു.

സിബിഐയിൽ അഭൂതപൂർവ്വമായ തലത്തിലുളള സംഭവവികാസങ്ങൾ അരങ്ങേറുമ്പോഴാണ് വർമ്മയെ അപ്രതീക്ഷിതമായി ഡയറക്ടർ സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച രാത്രി മാറ്റിയത്. റഫാൽ യുദ്ധവിമാന ഇടപാട്, മെഡിക്കൽ​ കൗൺസിൽ അഴിമതിക്കേസ്, സ്റ്റെർലിങ് ബയോടെക് കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്.

ഇത് സംബന്ധിച്ച അലോക് വർമ്മയുടെ ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേയ്ക്കും. നിയമപരമല്ലാത്ത ഇടപെടലുകൾ സിബിഐയുടെ സ്വതന്ത്ര സ്വഭാവം നഷ്ടമാക്കുമെന്നും ഉദ്യോഗസ്ഥരുടെ ധാർമ്മിക മൂല്യത്തെ ബാധിക്കുമെന്നും അലോക് വർമ്മ പറഞ്ഞു.

അലോക് വർമ്മയ്ക്ക് പുറമെ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന രാകേഷ് അസ്താനയെയും തൽസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. അലോക് വർമ്മയും അസ്താനയും പരസ്പരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook