ന്യൂഡൽഹി:​രാജ്യത്ത് പ്രവർത്തിക്കാതെ കിടക്കുന്ന കമ്പനികളുടെ പേരിൽ വൻതോതിൽ പണം വിദേശത്തേക്ക് മാറ്റിയതായി സിബിഐ കണ്ടെത്തൽ. നാന്നൂറോളം കമ്പനികളുടെ പേരിൽ 2900 കോടി രൂപ വിദേശത്തേക്ക് മാറ്റിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ഇത്തരത്തിൽ തുക വിദേശത്തേക്ക് മാറ്റിയിരുന്നത്.  നികുതി വെട്ടിച്ച് കള്ളപ്പണം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.  28 പൊതുമേഖലാ ബാങ്കുകളും ഒരു സ്വകാര്യ ബാങ്കുമാണ് തട്ടിപ്പിനിരയായത്.

ഇതിന് പുറമേ 200 ഓളം സമാന കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്. 30000 കോടി രൂപയുടെ വൻ തട്ടിപ്പിലേക്കാണ് ഈ കേസുകൾ വഴികാട്ടുന്നത്. ഈ കമ്പനികളുടെ പേരിൽ ആസൂത്രിത ക്രമക്കേടിനും വഞ്ചനയ്ക്കും അഴിമതിക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ ഈ കമ്പനികൾക്ക് വിദേശരാജ്യങ്ങളിലടക്കം വേരുകളുണ്ടെന്നാണ് കണ്ടെത്തൽ. നികുതി വെട്ടിപ്പിന് ഏറ്റവും സഹായകരമായ രാജ്യങ്ങളിലടക്കം കമ്പനികൾക്ക് വേരുള്ളത് സിബിഐ സംഘത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

മഹുവ ചാനൽ നടത്തുന്ന സെഞ്ചുറി കമ്യൂണിക്കേഷൻ ഗ്രൂപ്പിന് എതിരെ 3000 കോടിയുടെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.  വ്യാജ ഇറക്കുമതി രേഖകൾ ഉണ്ടാക്കിയാണ് പണം വിദേശത്തേക്ക് മാറ്റിയിരുന്നത്. ഇവ പിന്നീട് നാട്ടിലെ അക്കൗണ്ടുകളിലേക്ക് മാറ്റും. ഈ സമയത്ത് വിദേശ നിക്ഷേപം എന്നാണ് കാരണം കാണിക്കുക. ഇതുവഴി വൻതോതിൽ നികുതി വെട്ടിച്ചതായാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.

ഇതിനായി വൻതോതിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് സംഘങ്ങൾ പണം വായ്പയെടുത്തിരുന്നു. ഇവർ 30 ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതായാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ