ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം കേസിൽ സിബിഐ പ്രത്യേക കോടതി എല്ലാവരെയും വിട്ടയച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളെ ശരിയായ വെളിച്ചത്തിൽ വിലയിരുത്താൻ കീഴ് കോടതിക്ക് കഴിഞ്ഞില്ല എന്നാണ് വിലയിരുത്തലെന്ന് സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേസിന്റെ പിൻബലത്തിനാവശ്യമായ എല്ലാ വസ്തുതകളും ക്രോഡീകരിച്ചായിരിക്കും ഹൈക്കോടതിയെ സമീപിക്കുകയെന്ന് സിബിഐ അറിയിച്ചു . പ്രത്യേകകോടതിയിൽ സമർപ്പിച്ച തെളിവുകളും, മറ്റു രേഖകളും വേണ്ടവിധത്തിൽ കോടതിക്ക് ബോധ്യപ്പെട്ടിരിക്കില്ല എന്നാണ് കരുതുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

2 ജി സ്‌പെക്ട്രം അഴിമതി കേസിൽ എ.രാജ, കനിമൊഴി എന്നിവരടക്കം 17 പേരെ വെറുതെവിട്ട കോടതി വിധിയെ തുടർന്ന് വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് സിബിഐ. വിധി ന്യായത്തിലും സിബിഐക്കെതിരെ രൂക്ഷ വിമർശനം ഉണ്ട്. കേസിൽ ആരോപിക്കപ്പെടുന്ന അഴിമതി തെളിയിക്കാൻ ആവശ്യമായ ഒരു തെളിവും നൽകാൻ സിബിഐക്കോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.

2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് വെറുതെ വിട്ടത്. മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരുൾപ്പടെ 17 പേരെയാണ് വെറുതെ വിട്ടത്. ഒറ്റവരിയിലായിരുന്നു ജഡ്ജി ഒ.പി.സെയ്നിയുടെ വിധി. ആറ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കുന്നത്. യുപിഎ സർക്കാരിന്രെ കാലത്ത് ഉയർന്ന 2ജി സ്‌പെക്ട്രം അഴിമതി കേസ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ