ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുനഃസ്ഥാപിക്കാന്‍ ഇന്റര്‍പോള്‍ ഫയല്‍സ് നിയന്ത്രണ കമ്മിഷനോട് (സിസിഎഫ്) ആവശ്യപ്പെട്ടതായി സിബിഐ പ്രസ്താവനയില്‍ അറിയിച്ചു. മെഹുല്‍ ചോക്‌സിയുടെ അപേക്ഷ അംഗീകരിച്ച് മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ നീക്കിയിരുന്നു.
സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് 2018ല്‍ ഇന്റര്‍പോള്‍ ചോക്സിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരായ മെഹുല്‍ ചോക്സിയുടെ അപ്പീലുകള്‍ 2020-ല്‍ തള്ളി. ഏകദേശം ഒരു വര്‍ഷത്തിനുശേഷം 2022-ല്‍, ഇന്റര്‍പോളിലെ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണത്തിലല്ലാത്തതും പ്രധാനമായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ ജോലി ചെയ്യുന്നതുമായ ഇന്റര്‍പോളിലെ ഒരു പ്രത്യേക സ്ഥാപനമായ സിസിഎഫിനെ സമീപിച്ചിരുന്നു.
സാങ്കല്‍പ്പികവും തെളിയിക്കപ്പെടാത്ത അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ച് അംഗ സിസിഎഫ് ചേംബര്‍, 2022 നവംബറിലെ റെഡ് നോട്ടീസ് ഇല്ലാതാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്,” സിബിഐ പറഞ്ഞു.
മെഹുല്‍ ചിനുഭായ് ചോക്സിക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളില്‍ നിരപരാധിത്വം സംബന്ധിച്ച് തീരുമാനമില്ലെന്ന് സിസിഎഫ് സിബിഐയോട് വ്യക്തമാക്കി. പുതിയ വിവരങ്ങളുടെയും തീരുമാനത്തിലെ ഗുരുതരമായ പിഴവുകളുടെയും അടിസ്ഥാനത്തില്‍, സിസിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിനുള്ള നടപടികള്‍ സിബിഐ സ്വീകരിച്ചുവരികയാണ്. അടിസ്ഥാനരഹിതവും കൃത്യമല്ലാത്തതുമായ ഈ തീരുമാനത്തിലെത്തിച്ചേരുന്ന തരത്തില്‍, ”ഗുരുതരമായ പോരായ്മകള്‍, നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ എന്നിവ സിബിഐ സിസിഎഫുമായി ചര്‍ച്ച ചെയ്തു. ഈ തെറ്റായ തീരുമാനം തിരുത്തുന്നതിനും റെഡ് നോട്ടീസ് പുനഃസ്ഥാപിക്കുന്നതിനുമായി ഇന്റര്‍പോളില്‍ ലഭ്യമായ മാര്‍ഗങ്ങളും അപ്പീല്‍ സാധ്യതകളും തുടരുന്നു,” സിബിഐ പ്രസ്താവനയില്‍ പറയുന്നു.