ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവിന്റെ ഡല്‍ഹിയിലെ വീട്ടിലും ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളിലും സിബിഐ റെയ്ഡ്. അഴിമതി ആരോപണത്തില്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് സിബഐ നടപടി.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ വിഷയത്തില്‍ തനിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായി മാലിക് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം സിബിഐ മാലിക്കിനെ അദ്ദേഹത്തിന്റെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നത്. എന്നാല്‍, മാലിക് ഇതുവരെ കേസില്‍ പ്രതിയല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബീഹാര്‍, ജമ്മു കശ്മീര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളിലെ ഗവര്‍ണറുടെ ചുമതലകളില്‍ നിന്ന് മാറിയ ശേഷം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
”സിബിഐ ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ച് ഈ ദിവസങ്ങളിലൊന്നില്‍ ഡല്‍ഹിയില്‍ പോകുമോ എന്ന് ചോദിച്ചു. ഞാന്‍ അവരോട് ഏപ്രില്‍ 23 ന് ഡല്‍ഹിയില്‍ വരുമെന്ന് പറഞ്ഞു. പദ്ധതികളെക്കുറിച്ച് അവര്‍ക്ക് കുറച്ച് വിശദീകരണം തേടണം, അതിനായി ഞാന്‍ അക്ബര്‍ റോഡിലുള്ള അവരുടെ ഗസ്റ്റ് ഹൗസിലേക്ക് പോകണം.
”ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ ഞാന്‍ റദ്ദാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി വിഷയത്തില്‍ എന്നില്‍ നിന്ന് ചില വിശദീകരണങ്ങള്‍ തേടാന്‍ സിബിഐ ആഗ്രഹിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാരുടെ വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ജീവനക്കാരില്‍ നിന്ന് 8,500 രൂപയും (ഒരു ജീവനക്കാരന് പ്രതിവര്‍ഷം)വിരമിച്ച ജീവനക്കാരില്‍ നിന്ന് 20,000 രൂപയും (പ്രതിവര്‍ഷം ഒരു ജീവനക്കാരന്) എടുക്കേണ്ട പദ്ധതി ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തതല്ല. ഇതൊരു തെറ്റായ നീക്കമായിരുന്നു, അതിനാല്‍ ഞാന്‍ അത് റദ്ദാക്കി, ”അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബറില്‍, ആര്‍എസ്എസ് നേതാവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉള്‍പ്പെടെ രണ്ട് ഫയലുകള്‍ തീര്‍പ്പാക്കാന്‍ തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മാലിക് പറഞ്ഞിരുന്നു. മാലിക് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കേസ് സിബിഐക്ക് കൈമാറാന്‍ ഭരണകൂടം തീരുമാനിച്ചതായും 2022 മാര്‍ച്ചില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞിരുന്നു.