ന്യൂഡൽഹി: ഹാഥ്‌റസിൽ കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന ഉത്തർപ്രദേശ് പോലീസിന്റെ വാദത്തെ നിരസിച്ചുകൊണ്ട് സിബിഐ നാലുപേർക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ സിബിഐ ചുമത്തി.
സന്ദീപ് (20), സന്ദീപിന്റെ അമ്മാവൻ രവി (35) സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 302 (കൊലപാതകം), എസ്‌സി / എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഹാഥ്‌റസിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സെപ്റ്റംബർ 14 നാണ് കൗമാരക്കാരിയായ പെൺകുട്ടി നാലുപേരാൽ ആക്രമിക്കപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സെർവിക്കൽ നട്ടെല്ലിനേറ്റ പരുക്കാണെന്നാണ് പറയുന്നത്.
നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി സിബിഐ പ്രസ്താവന ഇറക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ അഭ്യർഥന മാനിച്ച് സിബിഐ 2020 ഒക്ടോബർ 11 ന് കേസ് രജിസ്റ്റർ ചെയ്തു.
പ്രതികളെ നുണപരിശോധ, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്ക് വിധേയരാക്കി സിബിഐ നവംബർ 26 ന് അലഹബാദ് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്താൻ മതിയായ തെളിവുകൾ ഫോറൻസിക് പരിശോധനയിൽ ലഭിച്ചതായി സിബിഐ പറയുന്നു.
പത്തൊന്‍പതുകാരി ആയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉത്തര്‍പ്രദേശ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് ഉദ്ധരിച്ചിരുന്നത്.
എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് സിബിഐക്ക് മൊഴി നല്‍കിയിരുന്നു.
“ചുമത്തിയ വകുപ്പുകളുടെ കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണ്. കുറ്റപത്രത്തിന്റെ ഒരു പകർപ്പ് അടുത്ത ഹിയറിംഗിൽ നൽകും. ഞങ്ങൾ കുറ്റപത്രം വിശദമായി പഠിച്ചതിന് ശേഷം തുടർനടപടി തീരുമാനിക്കും,” പ്രതിയുടെ അഭിഭാഷകൻ മുന്നാ സിംഗ് പറഞ്ഞു. നാല് പ്രതികളും സെപ്റ്റംബറിൽ അറസ്റ്റിലായതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിലാണ്, അവർക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയിട്ടില്ല.