മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. കോര്‍ഡേലിയ കപ്പല്‍ ഉടമകളില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് സമീര്‍ വാങ്കഡെ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. കേസില്‍ ഡല്‍ഹി, മുംബൈ, റാഞ്ചി, കാണ്‍പൂര്‍ എന്നിവയുള്‍പ്പെടെ 29 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
കോര്‍ഡേലിയ ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസിനിടെ സമീര്‍ വാങ്കഡെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണിന്റെ തലവനായിരുന്നു. 2021 ഒക്ടോബര്‍ 2 ന് രാത്രി മുംബൈ തീരത്ത് കോര്‍ഡെലിയ കപ്പല്‍ റെയ്ഡ് ചെയ്യാന്‍ വിശ്വ വിജയ് സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘത്തിന് നേതൃത്വം നല്‍കിയതും സമീര്‍ വാങ്കഡെ ആയിരുന്നു. റെയ്ഡില്‍ 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോണ്‍, 21 ഗ്രാം കഞ്ചാവ്, 22 എംഡിഎംഎ (എക്സ്റ്റസി) ഗുളികകള്‍ ഉള്‍പ്പെടെ 1.33 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി എന്‍സിബി പറഞ്ഞിരുന്നു. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ സമീര്‍ വാങ്കഡെയുടെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
കേസില്‍ ഒക്ടോബര്‍ 28ന് ആര്യന്‍ ഖാനെ ബോംബെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ കേസ് അന്വേഷിച്ച മറ്റൊരു എന്‍സിബി സംഘം അപര്യാപ്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. കഴിഞ്ഞയാഴ്ച, കോര്‍ഡെലിയ ക്രൂയിസ് റെയ്ഡ് ചെയ്ത് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ അംഗമായിരുന്ന സൂപ്രണ്ട് വിശ്വ വിജയ് സിങ്ങിന്റെ സേവനം എന്‍സിബി അവസാനിപ്പിച്ചിരുന്നു. 2022 ഏപ്രിലില്‍ സസ്പെന്‍ഷനിലായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിശ്വ വിജയ് സിങ്ങിന്റെ സേവനം നിര്‍ത്തുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കണക്കിലെടുത്തായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപ്പല്‍ റെയ്ഡില്‍ കുറ്റവാളികളുടെ പട്ടികയിലുള്ള സാക്ഷികളെ ഉപയോഗിച്ചതുള്‍പ്പെടെ ക്രമക്കേടുകള്‍ ആരോപിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്‍സിബിയുടെ മുംബൈ ടീമിനെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പേര് വെളിപ്പെടുത്താത്ത ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു.