കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഇപ്പോൾ ബംഗാളിലെ രാഷ്ട്രീയ പോരാട്ടം ഇടതുപക്ഷവും തൃണമൂലും തമ്മിലല്ല. മൂന്നര പതിറ്റാണ്ട് കാലം ബംഗാൾ ഭരിച്ച ഇടതുപാർട്ടികൾ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രത്യക്ഷ ചിത്രത്തിൽ നിന്ന് പുറത്താണ്. ബംഗാൾ, മോദിയും മമതയും തമ്മിലുളള പോരാട്ടത്തിന്റെ മൈതാനമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൂക്കുസഭ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഒന്നും രണ്ടുമല്ല. ഏറ്റവുമധികം ലോക്സഭാ സീറ്റുകളുളള സംസ്ഥാനങ്ങളിലൊന്നായ ബംഗാളിൽ അതുകൊണ്ടുതന്നെ മികച്ച വിജയം നേടുകയെന്നത് തൃണമൂലിന് വളരെയേറെ ആവശ്യവുമാണ്. സാഹചര്യങ്ങൾ ഒത്തുകിട്ടിയാൽ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നവരിൽ മമതയും ഉണ്ട്. അതിനാൽ തന്നെയാണ് സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളോട് ആലോചിക്കണം എന്ന് മമത പറഞ്ഞതും, കൂടിയാലോചനകൾക്ക് ശേഷം സമരം അവസാനിപ്പിച്ചതും.

ഡിഎംകെ നേതാവ് കനിമൊഴിയും ആർജെഡി നേതാവ് തേജസ്വി യാദവും മമത ബാനർജിയെ സമരവേദിയിൽ സന്ദർശിച്ചപ്പോൾ

ശാരദാ ചിറ്റ് ഫണ്ട് തട്ടിപ്പുകേസിൽ സിബിഐ-കൊൽക്കത്ത പൊലീസ് പോരാട്ടം പൊതുതിരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിക്കാൻ സാധ്യതയുളളതാണ്. ഇടതുപക്ഷത്തിനും തൃണമൂലിനും കോൺഗ്രസിനും ബദലായി ബംഗാളിൽ ബിജെപി ജനപിന്തുണ വർദ്ധിപ്പിച്ച സാഹചര്യത്തിലുളളതാണ് ഇത്. മമതയെ ദേശീയ തലത്തിൽ ബിജെപിയോട് ഏറ്റവും ശക്തമായി പോരടിക്കുന്ന രാഷ്ട്രീയ നേതാവായി വളർത്തുന്നതിന് കൂടി ഈ സമരം കാരണമായി.

മൂന്ന് ദിവസം കൊൽക്കത്തയിൽ ധർണ്ണാ സമരം നടത്തിയ മമത ബാനർജിയുടെ കൂടെ ബംഗാളിലെ പൊലീസും പാർട്ടി പ്രവർത്തകരും ജനങ്ങളും മാത്രമല്ല അണിനിരന്നത്. മമതയ്ക്ക് പിന്തുണയുമായി സമരവേദിയിലേക്ക് എത്തിയവരിൽ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയെല്ലാം നേതാക്കളുണ്ട്.

ഇന്ന് സമരവേദിയിലെത്തിയവരിൽ പ്രധാനി ആന്ധ്ര മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ്. ബംഗാളിലെ 42 ലോക്സഭാ സീറ്റിലും മമത ബാനർജിയുടെ സ്ഥാനാർത്ഥികൾ തന്നെ വിജയിക്കണം എന്നാണ് അദ്ദേഹം സമരവേദിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.

തമിഴ്നാട്ടിൽ നിന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് കനിമൊഴിയാണ് കൊൽക്കത്തയിൽ എത്തിയത്. ബീഹാറിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവാണ് സമരത്തിനെത്തിയത്.

സമാജ്‌വാദി പാർട്ടി നേതാവ് കിരൺ മോയ് നന്ദ സമരവേദിയിൽ മമത ബാനർജിക്ക് ഒപ്പം

വിഷയത്തിൽ ആദ്യ പ്രതികരണം തന്നെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതായിരുന്നു. മമതയ്ക്ക് ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി മമതയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബംഗാളിലെ സംസ്ഥാന കോൺഗ്രസ് നേതൃത്വം മമതയോട് മമതയുളളവരല്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായ കമൽനാഥ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും മമതയെ പിന്തുണച്ച് രംഗത്ത് വന്നു.

മമത ബാനർജിയുടെ ആരോപണങ്ങൾ ശരിയാണ്. രാജ്യം അപകടത്തിലാണ് കേന്ദ്രസർക്കാരല്ല, ജനങ്ങളാണ് രാജ്യത്തിന്റെ യജമാനരെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. പിന്നാലെ മുൻ കാശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി സിബിഐയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത ബാനർജിയുടെ സമരത്തിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും പറഞ്ഞു.

മമത ബാനർജിക്ക് പിന്തുണ അറിയിച്ച് ബിജു ജനതാദൾ പാർട്ടി നേതൃത്വം ഒഡീഷയിൽ പത്രക്കുറിപ്പിറക്കി. സമാജ്‌വാദി പാർട്ടി പ്രതിനിധിയെ അഖിലേഷ് യാദവ് സമരവേദിയിലേക്ക് അയച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു. എന്നാൽ ഇടതുപാർട്ടികളിൽ പ്രധാനിയായ സിപിഎം നേതാവ് ഇത് രാഷ്ട്രീയ പോരാട്ടം അല്ലെന്നും അഴിമതി മറച്ചുവെക്കാനുളള ശ്രമമാണെന്നും വിമർശിച്ചു. ബിജെപിയെയും തൃണമൂലിനെയും എതിർക്കുന്ന നയമാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭയാണ് പ്രവചിക്കപ്പെട്ടത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സഖ്യം, ആന്ധ്രയിൽ തെലുഗുദേശം പാർട്ടി, തമിഴകത്ത് ഡിഎംകെ ബീഹാറിൽ ആർജെഡി, കാശ്മീരിൽ നാഷണൽ കോൺഫറൻസ്-പിഡിപി പാർട്ടികളുടെയെല്ലാം നിലപാടിന് വളരെയേറെ പ്രധാന്യം കൈവരും. പ്രതിപക്ഷത്ത് ബിജെപി ഇതര, കോൺഗ്രസ് ഇതര മൂന്നാം ബദൽ എന്ന സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുളള തുറുപ്പുചീട്ട് കൂടിയായി മമത ബാനർജിക്ക് ഈ ധർണ്ണ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook