ന്യൂഡല്‍ഹി: സിബിഐയിലെ വിവാദം കത്തിപ്പടരുന്നതിനിടെ തന്നെ ആന്‍ഡമാന്‍ നിക്കോബാറിലേക്ക് സ്ഥലം മാറ്റിയ കേന്ദ്ര ഉത്തരവിനെതിരെ സിബിഐ ഉദ്യോഗസ്ഥന്‍ എ.കെ.ബസ്സി സുപ്രീം കോടതിയെ സമീപിച്ചു. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് എതിരായ അഴിമതി ആരോപണം അന്വേഷിക്കുന്ന സംഘത്തിലെ മുഖ്യനാണ് ബസ്സി. അസ്താനയ്ക്ക് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ബസ്സി കോടതിയെ അറിയിച്ചു. തന്റെ സ്ഥലമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ബസ്സി സമീപിച്ചു.

അസ്താനയ്ക്ക് എതിരെ ലഭിച്ച ഫോൺ രേഖകൾ, വാട്സ്ആപ്പ് മെസ്സേജുകൾ തുടങ്ങിയ തെളിവുകൾ ബസ്സി സുപ്രീം കോടതിക്ക് കൈമാറി. അസ്താനയ്ക്ക് എതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും ബസ്സി ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ബസ്സിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് എതിരെ അഴിമതി കേസിൽ പരാതി നൽകിയ സതീഷ് ബാബു സനയ്ക്ക് സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈദരാബാദ് പൊലീസിനാണ് നിർദ്ദേശം. ഇടക്കാല സിബിഐ ഡയറക്ടറായ എം.നാഗേശ്വര റാവുവാണ് അസ്താനയ്ക്ക് എതിരെ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ